താമരശ്ശേരി ഡിപ്പോയുടെ ഉല്ലാസയാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് പക്ഷാഘാതം, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍; നാല്‍പ്പത്തിയെട്ട് ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


താമരശ്ശേരി: വലിയ ദുരന്തമായി മാറുമായിരുന്ന ഉല്ലാസയാത്ര ഒഴിവായത് സിഗീഷ് എന്ന ഡ്രൈവറുടെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അത്ഭുതകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ബജറ്റ് ടൂറിസം പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പതിവ് പോലെ മലക്കപ്പാറയ്ക്ക് പുറപ്പെട്ടതായിരുന്നു ആ ബസ്. താമരശ്ശേരി ചൂണ്ടക്കുന്നുമ്മല്‍ സ്വദേശി സിഗീഷ് ആണ് ബസ് ഓടിച്ചിരുന്നത്.

ഫറോക്കിലെ ഒരു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിനോദയാത്രയില്‍ രണ്ട് ബസ്സുകളിലായി തൊണ്ണൂറോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സിഗീഷ് ഓടിച്ച ബസ്സില്‍ 48 പേര്‍ ഉണ്ടായിരുന്നു. കുന്നംകുളത്ത് എത്തിയതോടെയാണ് ബസ് അപകടത്തിന്റെ വക്കോളമെത്തി രക്ഷപ്പെട്ടത്.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സിഗീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പെട്ടെന്നുണ്ടായ പക്ഷാഘാതത്തില്‍ സിഗീഷിന്റെ ഒരു ഭാഗം തളര്‍ന്ന് പോയി. എന്നാല്‍ ആ അസ്വസ്ഥതകള്‍ക്കിടയിലും ബസ്സിലെ 48 പേരുടെ ജീവന്‍ തന്റെ കയ്യിലാണെന്ന യാഥാര്‍ത്ഥ്യം സിഗിഷ് മറന്നില്ല.

പക്ഷാഘാതം വന്ന് തളര്‍ന്ന് പോയതോടെ ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു സിഗീഷ്. എന്നാല്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കണം എന്ന ഉറച്ച ബോധ്യം ഉണ്ടായിരുന്നതിനാല്‍ ബസ് സുരക്ഷിതമായി റോഡരികില്‍ നിര്‍ത്താന്‍ സിഗീഷിന് സാധിച്ചു.

ബസ് നിര്‍ത്തിയ ഉടന്‍ സിഗീഷ് ഡ്രൈവര്‍ സീറ്റില്‍ കുഴഞ്ഞുവീണു. അപ്പോഴാണ് ബസ്സിലെ യാത്രക്കാരും കണ്ടക്ടറും സിഗീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായ വിവരം അറിഞ്ഞത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ അവര്‍ സിഗീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ സിഗീഷ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ കുന്നംകുളത്ത് നിന്ന് മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ചാലക്കുടിയിലെത്തിച്ചു. അവിടെ നിന്ന് മറ്റൊരു ബസ്സില്‍ ഇവരെ മലക്കപ്പാറയിലേക്ക് കൊണ്ടുപോയി.

ഇതാദ്യമായല്ല സിഗീഷ് തന്റെ മനസാന്നിധ്യം കൊണ്ട് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ സിഗീഷ് ഓടിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ടിരുന്നു. ബസിന് മുകളിലേക്ക് മണ്ണും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. ഷീറ്റും മറ്റും ഉപയോഗിച്ച് പിന്നീട് ബസ് താത്കാലികമായി യാത്രായോഗ്യമാക്കിയതിനുശേഷം സിഗീഷ് യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയായിരുന്നു.