കഥകളിചെണ്ടയിൽ വജ്ര ജൂബിലി ഫെലോഷിപ്പ്; അഭിമാനമായി കൊയിലാണ്ടി കൊല്ലം സ്വദേശി ഹരികൃഷ്ണൻ


കൊയിലാണ്ടി: കേരള സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടി കൊയിലാണ്ടി കൊല്ലം സ്വദേശി ഹരികൃഷ്ണൻ. കലാമണ്ഡലം വിദ്യാർത്ഥിയായ ഹരികൃഷ്ണന് കഥകളിചെണ്ടക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. തിരഞ്ഞെടുക്കുന്ന കലാകാരന്മാർക്കാണ് സംസ്ഥാന സർക്കാർ വജ്ര ജുബിലീ ഫെല്ലോഷിപ് നൽകുന്നത്.

സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്നാണ് വജ്ര ജുബിലീ ഫെല്ലോഷിപ് പദ്ധതി നടപ്പാക്കുന്നത്. സുകുമാര കലകളിൽ നിശ്ചിത യോഗ്യത നേടിയ യുവാക്കൾക്ക് സാമൂഹ്യ കലാ പരിശീലനത്തിന് വേദി ഒരുക്കുന്നതോടൊപ്പം രണ്ടു വർഷക്കാലം ഫെല്ലോഷിപ് നൽകി അവരെ പിന്തുണക്കുന്നതാണ് പദ്ധതി. പദ്ധതിയിലൂടെ ഫെല്ലോഷിപ് നൽകപ്പെടുന്ന കലാകാരന്മാർ വഴി പ്രായഭേദമന്യേ ജനങ്ങൾക്ക്‌ സൗജന്യ കലാപരിശീലനം നൽകും. കല അന്യം നിന്ന് പോവാതിരിക്കുക എന്ന ലഖ്യമിട്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് ഹരികൃഷ്ണനെ തേടി വജ്ര ജുബിലീ ഫെല്ലോഫിപ്പ് എത്തുന്നത്.

ഫെല്ലേഷിപ്പിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ഇപ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ടെന്ന് ഹരികൃഷണൻ കൊയിലാണ്ടി ന്യുസ് ഡോട് കോമിനോട് പറഞ്ഞു. കുഞ്ഞന്നാൾ മുതൽ കലയോട് താത്പര്യമായിരുന്നു. തുടർന്ന് എട്ടാം ക്ലാസ് മുതൽ പഠനം കലാമണ്ഡലത്തിലായി. ഫെല്ലോഷിപ്പ് ലഭിച്ചതിനാൽ നാട്ടിൽ തന്നെ പഠന കേന്ദ്രം തുടങ്ങാൻ സാധിക്കട്ടെയെന്നാണ് ആ​ഗ്രഹം. കലയോട് താത്പര്മുള്ളവർക്ക് വിദ്യ അഭ്യസിക്കാൻ അവസരം കിട്ടിയത് വലിയ ഭാ​ഗ്യമായി കാണുന്നു- ഹരികൃഷ്ണൻ പറഞ്ഞു.

മഠത്തിൽ രാമചന്ദ്രൻ സുനിത ദമ്പതികളുടെ മകനാണ്. ഹരിപ്രിയ സഹോദരിയാണ്. കലാമണ്ഡലത്തിൽ ഉപരിപഠനം വിജയകരമായി പൂർത്തിയാക്കി വരുന്ന ഹരികൃഷ്ണൻ ശ്രദ്ധേയനായ വാദ്യ കലാകാരൻ കൂടിയാണ്. കലാമണ്ഡലം ശിവദാസന്റെ ശിഷ്യനാണ്. ഒട്ടനവധി ക്ഷേത്രങ്ങളിൽ വാദ്യവിസ്മയം തീർത്ത തായമ്പക പ്രതിഭയാണ്.

Summary: Koyilandy Kollam native Harikrishnan won the Vajra Jubilee Fellowship in Kathakalichenda