കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ വിരമിക്കുന്നു; കൊയിലാണ്ടിയിലടക്കം സ്‌റ്റേഷന്‍മാസ്റ്ററായി സേവനമനുഷ്ഠിച്ച അത്തോളി സ്വദേശിനിയ്ക്ക് യാത്രയയപ്പ്


അത്തോളി: തീവണ്ടിയുടെ ചൂളം വിളി ശബ്ദങ്ങള്‍ക്കും അണുവിട സമയം തെറ്റാതെയുള്ള ഡ്യൂട്ടിയ്ക്കും കണ്‍ട്രോള്‍ പാനലിന് മുമ്പില്‍ കണ്ണമയ്ക്കാതെയുള്ള കാത്തിരിപ്പിനും വിട പറഞ്ഞ് അത്തോളി സ്വദേശിനിയായ കെ.രമ വിരമിക്കുകയാണ്, കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ എന്ന പദവിയോടെ. 32 വര്‍ഷത്തെ സര്‍വ്വീസ് തൃപ്തികരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തോടെയാണ് രമ പിരിയുന്നത്.

അത്തോളി മുണ്ടങ്കേരിയില്‍ ഗോപാലന്റെയും രാധയുടെയും മകളാണ് രമ. സേലത്ത് സ്റ്റേഷന്‍ മാസ്റ്ററായായിരുന്നു രമ റെയില്‍വേ ജോലിയില്‍ കയറിയത്. കൊയിലാണ്ടി, ഫറോക്ക്, തിക്കോടി സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്‌റ്റേഷന്‍ സൂപ്രണ്ടായാണ് വിരമിക്കുന്നത്.
റെയില്‍വേ സ്‌റഅറേഷനില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ സ്‌റ്റേഷന്‍ മാനേജര്‍ സി.കെ.ഹരീഷ് രമയ്ക്ക് ഉപഹാരം കൈമാറി.

സി.പി.എം നേതാവും റിട്ടയര്‍ ബാങ്ക് മാനേജരുമായ ഉള്ള്യേരി വിപഞ്ചികയില്‍ ഒള്ളൂര്‍ ദാസനാണ് രമയുടെ ഭര്‍ത്താവ്. എം.ഡിറ്റ് കോളേജ് അധ്യാപകനായ കവിത്, കാനഡയില്‍ എംഎഡ് പഠിക്കുന്ന കാവ്യ എന്നിവരാണ് മക്കള്‍. രമേശന്‍ സഹോദരനാണ്.