ജോലി ഗൂഗിളിൽ; നിശ്ചയത്തിന് കുടുംബാംഗങ്ങളായി ജൂനിയർ ആർട്ടിസ്റ്റുകൾ; ലക്ഷങ്ങൾ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികൾ പിടിയിൽ


 കോഴിക്കോട്: ഗൂഗിളിൽ ജോലിക്കാരനെന്ന വ്യാജേനെ വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ യുവാക്കൾ പിടിയിൽ. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ നോട്ടിക്കണ്ടത്തിൽ അക്ഷയ് (30) സുഹൃത്തും സഹായിയുമായ കൊല്ലം കരുവല്ലൂർ സ്വദേശി അജി (40) എന്നിവരാണ് പിടിയിലായത്.

വിവാഹ നിശ്ചയത്തിനായി ഒരു സംഘം ജൂനിയർ ആർട്ടിസ്റ്റുകളെയാണ് പ്രതി കൊണ്ടുവന്നിരുന്നത്. ഗൂഗിൾ കമ്ബനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവാഹ പരസ്യം കണ്ട് വിളിക്കുന്നവരോട് പറഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. നല്ല വിദ്യാഭ്യാസമുള്ള ഇയാൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. വീട്ടിലെ സ്ത്രീകൾ എന്ന നിലയിൽ സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്നവരെയാണ് പരിചയപ്പെടുത്തിയിരുന്നത്. ചങ്ങരംകുളത്തെ യുവതിയുടെ വീട്ടുകാരെയും ഇങ്ങനെയാണ് വിശ്വസിപ്പിച്ചത്. വരനെ ഇഷ്ട്ടപെട്ടതോടെ കഴിഞ്ഞ വർഷം ആർഭാടമായി വിവാഹ നിശ്ചയം നടത്തുകയായിരുന്നു.

പിതാവ് ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ചാണ്‌ പെൺകുട്ടിയുടെ കയ്യിൽ നിന്നും തട്ടിയെടുക്കാൻ നോക്കിയത്. പണം നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കബളിപ്പിക്കട്ടെ വിവരം വീട്ടുകാർ മനസ്സിലാക്കുന്നത്. പത്തുലക്ഷം രൂപയാണ് ഇയാൾ കൈക്കലാക്കിയത്. പണം ലഭിച്ചതിനു ശേഷമുള്ള ഫോൺ വിളികളിലെ മാറ്റമാണ് തട്ടിപ്പ് തിരിച്ചറിയാൻ വഴിയൊരുക്ക്കിയത്. തുടർന്ന് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. അപ്പോഴേക്കും പ്രതിയും സംഘാംഗങ്ങളും സ്ഥലം വിട്ടിരുന്നു.

പെണ്ണുകാണലിനു ശേഷം പ്രതി പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച്‌ കൂടുതൽ വിശ്വാസ്യത നേടി. പിന്നീട് പിതാവ് ആശുപത്രിയിലാണെന്ന് വിവരം പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. ചികിത്സയ്ക്ക് കൂടുതൽ പണം വേണമെന്നും താൽക്കാലികമായ ബുദ്ധിമുട്ടുണ്ടെന്നും ധരിപ്പിച്ചു. പെൺകുട്ടി വിവരം വീട്ടിലറിയിച്ചതോടെ വീട്ടുകാർ സഹായം വാഗ്ദാനം ചെയ്തു. ആദ്യം ഇയാൾ എല്ലാം നിരസിച്ചെങ്കിലും പിന്നീട് പത്തുലക്ഷത്തോളം രൂപ കൈക്കലാക്കുകയായിരുന്നു.

താമസസ്ഥലവും ഫോണുമെല്ലാം അടിക്കടി മാറ്റുന്നതിനാൽ പൊലീസിന് കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. കൊല്ലത്തുണ്ടെന്ന സൂചന ലഭിച്ചതോടെ ഡിസ്ട്രിക്‌ട് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) അംഗങ്ങളായ മനു, ഷൈജു എന്നിവരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികൾ കേരളത്തിലെ വിവിധ ജില്ലകളിലെ 15 ഓളം വിസതട്ടിപ്പുകളിൽ നിന്നുമായി 2.5 കോടിയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇരുവർക്കുതുടങ്ങി വിവിധ സ്ഥലങ്ങളിലും വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.