”അന്ന് വടകരയില്‍… പിന്നെ നേമത്ത്… ഇന്ന് തൃശ്ശൂരില്‍.. നയിക്കാന്‍ നായകന്‍ വരട്ടെ” കെ.മുരളീധരനുവേണ്ടി കോഴിക്കോട് പോസ്റ്ററുകള്‍


കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി കോഴിക്കോട് പോസ്റ്ററുകള്‍. മുരളീധരന്‍ നയിക്കാന്‍ വരട്ടെയെന്നാണ് പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നത്. കെ.മുരളീധരന്‍ കെ.പി.സി.പി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

”അന്ന് വടകരയിലും നേമത്തും ഇന്ന് തൃശൂരില്‍… അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റ് വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല.” എന്നാണ് ‘കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍’ എന്ന പേരിലുള്ള പോസ്റ്ററില്‍ പറയുന്നത്. ഒരിക്കല്‍ കൂടി പറയുന്നു, പ്രിയപ്പെട്ട കെ.എം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്ററിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കോ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുരളീധരന്‍. മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സജീവമായി ഉണ്ടാവുമെന്നും അത് ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും തിരഞ്ഞെടുപ്പ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു.