കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസ് ലാത്തി വീശി, പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌


കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കോളേജിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയാ പ്രസിഡന്റ് യാസിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ കോളേജില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ വരച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധവുമായി ‘ഇന്ത്യ രാമരാജ്യമല്ലെന്ന്’ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ വൈശാഖ് പ്രേംകുമാര്‍ പോസ്റ്റര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ഒരു വര്‍ഷത്തേക്ക് എന്‍.ഐ.ടി ഡീന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

വൈശാഖിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോളേജിലേക്ക് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വൈശാഖിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവും ഫ്രട്ടേണിറ്റി മൂവ്‌മെന്റും കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.