കോഴിക്കോട് മൊബൈല്‍ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് കടയില്‍ തീപിടിത്തം; നാല് ലക്ഷം രൂപയുടെ നഷ്ടം


കോഴിക്കോട്: മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കടയില്‍ തീപിടിത്തം. മലാപ്പറമ്പ് മെജസ്റ്റിക് ബില്‍ഡിങ്ങിലെ എസ്.ആര്‍ മൊബെല്‍സ് ആന്റി ആക്‌സസറീസ് എന്ന കടയിലാണ് തീപിടിച്ചത്. റിപ്പയറിങിനായി സൂക്ഷിച്ച മൊബൈല്‍ ഫോണുകളും സംഗീത ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സര്‍വ്വീസിനായെത്തിച്ച മൊബൈലിനുള്ളിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീപ്പിടത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കടയുടമ ബവീഷ് പി.ശിവദാസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ബവീഷ് കടയടച്ച് പോയിരുന്നു. 7.45ഓടെ കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷസേനയെ അറിയിക്കുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്തുകടന്ന അഗ്‌നിരക്ഷസേന തീകെടുത്തുകയായിരുന്നു.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യുട്ടല്ല അപകടകാരണമെന്നും ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അഗ്‌നിരക്ഷസേന അധികൃതര്‍ പറഞ്ഞു. അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ അബ്ദുല്‍ ഫൈസി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.