ഇർഷാദിനും ദീപക്കിനും പിന്നാലെ വീണ്ടും തിരോധാനം; ഒന്നര മാസമായി സഹോദരനെ പറ്റി യാതൊരു വിവരവുമില്ല; നാദാപുരം ജാതിയേരി സ്വദേശിയുടെ തിരോധാനത്തിൽ പരാതി നൽകി (വീഡിയോ കാണാം)


നാദാപുരം: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്നു സഹോദരൻ. നാദാപുരം ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്.

ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്‍റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും സഹോദരൻ വെളിപ്പെടുത്തി.

രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് സഹോദരന്‍ രാജേഷ് പറയുന്നത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി വളയം സിഐ എ.അജീഷ് പറഞ്ഞു.

Summary: Disappearance again after Irshad and Deepak; There is no information about the brother for a month and a half; Kozhikode Jathieri native lodges complaint on disappearance (watch video)