കോഴിക്കോട് വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്; പ്രതിയായ ഓട്ടോഡ്രൈവര്‍ നഗരത്തിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍
കോഴിക്കോട്: വയോധികയായ യാത്രക്കാരിയെ അക്രമിച്ച് സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ നഗരത്തിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍. സിസിടിവി ദൃശ്യങ്ങളെല്ലാം അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പ്രതിയെന്ന് ആദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചതോടെ പോലീസ് സംശയത്തിലായി. പിന്നീട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഇയാള്‍ ചെയ്തിരുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് നഗരത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ വയനാട് സ്വദേശിയായ ജോസഫൈന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പോകാനായിട്ടായിരുന്നു ഇയാളുടെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഇയാള്‍ വഴി മാറി സഞ്ചരിക്കുകയായിരുന്നു.
വഴി മാറിയത് മനസിലാക്കിയ ജോസഫൈന്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവരുടെ മാല പൊട്ടിച്ചെടുത്ത് ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ജോസഫൈന്റെ രണ്ട് പല്ലുകള്‍ നഷ്ടമാവുകയും താടിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.