കോഴിക്കോട് നഗരത്തില്‍ ശുചിമുറി മാലിന്യം തള്ളുന്നത് തടയാന്‍ പദ്ധതിയൊരുങ്ങുന്നു


കോഴിക്കോട്: സെപ്റ്റിക് മാലിന്യം നേരിട്ട് ശേഖരിക്കാനുള്ള പദ്ധതിയുമായി കോര്‍പ്പറേഷന്‍. നഗരത്തില്‍ സ്വകാര്യ ഏജന്‍സികള്‍ സെപ്റ്റിക് മാലിന്യം വീടുകളില്‍ നിന്ന് ശേഖരിച്ച് പൊതു ഇടങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് തടയാനാണ് പുതിയ പദ്ധതിയൊരുങ്ങുന്നത്.

നഗരസഭ പരിധിയില്‍ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കലും ദ്രവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും നിര്‍ത്തലാക്കുകയാണ് പദ്ധതി ലക്ഷ്യം. ദ്രവമാലിന്യം വാഹനങ്ങളില്‍ ശേഖരിച്ച് ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള സെപ്‌റ്റേജ് മാനേജ്‌മെന്റ് ആന്‍ഡ് മെയിന്റനന്‍സ് പദ്ധതിയുടെ കരട് നിയമാവലിക്കാണ് കോര്‍പറേഷന്‍ അംഗീകാരം നല്‍കിയത്.

സീവേജ് ലൈനുകള്‍ സ്ഥാപിച്ച് മാലിന്യം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് എത്തിക്കുന്നതിനും സീവേജ് ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ മാലിന്യം ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെത്തിച്ച് സംസ്‌കരിക്കുന്നതുമാണ് പദ്ധതി. മാലിന്യം വാഹനങ്ങളില്‍ മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ചാണ് സംസ്‌കരിക്കുക.

ഗുണഭോക്താക്കള്‍ക്ക് വാഹനങ്ങളുടെ സേവനം ലഭ്യമാക്കുന്നത് ഓണ്‍ലൈന്‍ ആപ് വഴിയാണ.് ഇതിനായി മൊബൈല്‍ ആപ് നിര്‍മിക്കും. വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും ആപ് വഴി സേവനം ലഭ്യമാക്കും. പ്രത്യേക കളറിലുള്ള വാഹനങ്ങളില്‍ ജി.പി.എസ് ഉറപ്പാക്കി വണ്ടികള്‍ ആദ്യഘട്ടത്തില്‍ വാടകക്കെടുക്കും. കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് മാലിന്യം ശേഖരിക്കാന്‍ അനുമതിയുണ്ടാകുക.

പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിനായി കരട് രേഖ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനമായി. കരട് രേഖയില്‍ വിശദമായ ചര്‍ച്ചക്ക് ശേഷമാണ് അന്തിമ നിയമാവലിയുണ്ടാക്കുകയെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് പറഞ്ഞു.