കോഴിക്കോട് അപ്‌സര തിയേറ്ററിന് ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് സിനിമാ പ്രദര്‍ശനത്തിനിടെ


കോഴിക്കോട്: നവീകരണത്തിനുശേഷം ഈയടുത്ത് പ്രവര്‍ത്തനം തുടങ്ങിയ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററിന് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്‌സ്ആപ്പ് ഗഗ്രൂപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു സന്ദേശം.

തിയേറ്റര്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്താനായില്ല. അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പത്തനംതിട്ടയില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് സന്ദേശത്തിന്റെ ഉറവിടം പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.