നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾക്ക് അധികാരികൾ ബ്രേക്കിടണമെന്ന് മുസ്ലിം യൂത്ത് ലീഗ്


കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ  യിലാണ്ടിയുടെ നിരത്തുകളിലൂടെ ‘മരണ’ ഓട്ടം നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലൂഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. ഏതു നിമിഷവും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടങ്ങൾ വരുത്തിവെക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ അലക്ഷ്യമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പരക്കം പായുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. അപകടകരമായി ഓടിച്ച വാഗാഡിന്റെ ലോറി കാരണം കൊയിലാണ്ടിയിലെ മൂന്നിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ പ്രതികരണം.

ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിനിടയിലുള്ള ഭാഗങ്ങളിലാണ് വാഗാഡ് ഗ്രൂപ്പിൻ്റെ കൂറ്റൻ ടോറസ് വാഹനങ്ങൾ നിരന്തരം അപകടങ്ങൾ വരുത്തി വെക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ തന്നെ വാഹനം ഇടിച്ച് കൊയിലാണ്ടിയിൽ ഒരാൾ മരണപ്പെട്ടിരുന്നു. കഴിഞ്ഞദിവസം രാത്രി കൊയിലാണ്ടി മുത്താമ്പി റോഡിൽ മണമൽ വെച്ച് ബൈക്ക് യാത്രികനെ ഇടിക്കുകയും ട്രാൻസ്ഫോർമർ ഇടിച്ചു നശിപ്പിക്കുകയും 15 ഓളം ഇലക്ട്രിക് പോസ്റ്റുകൾ തകർക്കുകയും ലൈനുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

പ്രസ്തുത ബൈപ്പാസിന്റെ പ്രദേശത്ത് രാത്രിയും പകലും വർക്കുകൾ നടക്കാറുണ്ട് മദ്യപിച്ചും മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുമാണ് ടോറസുകളിലെ ചില ഡ്രൈവർമാർ രാത്രിയും പകലും വാഹനവുമായി ജോലിക്ക് ഇറങ്ങുന്നത് എന്നത് നാട്ടുകാർ ശക്തമായി ആരോപിക്കുന്നുണ്ട്. ഇത് ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടം
വൻ ദുരന്തം ഉണ്ടാക്കിയേക്കാവുന്ന ഈ അപകടത്തിൻ്റെ ദൃക്സാക്ഷികൾ പറയുന്നത് ഡ്രൈവർ മദ്യലഹരിയിലോ മറ്റ് ലഹരികളുടെ ആലസ്യത്തിലോ ആയിരുന്നുവെന്നാണ്.

ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീരുമ്പോഴേക്കും എത്ര ജീവനുകളാണ് നഷ്ടപ്പെടുക ആർക്കൊക്കെയാണ് പരിക്ക് സംഭവിക്കുക എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടാവുക എന്നും യൂത്ത് ലീഗ് ആരോപിച്ചു. ഒരു ബൈക്കുകാരനെ ഇടിച്ചു തെറിപ്പിച്ചിട്ടും ട്രാൻസ്ഫോമർ കുത്തിമറിച്ചിട്ടും നിരവധി പോസ്റ്റുകൾ തകർത്തിട്ടും ഡ്രൈവർ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്.

നന്തിയിലും ചെങ്ങോട്ടുകാവിലും ഒക്കെയുള്ള കമ്പനിയുടെ തൊഴിലാളികളുടെ യാർഡുകളിൽ ലഹരി ഉത്പന്നങ്ങളും മദ്യവും സുലഭമായി ഒഴുകുന്നുണ്ടെന്ന് പ്രദേശത്തുകാരിൽ ചിലർ അഭിപ്രായപ്പെടുന്നു. ബന്ധപ്പെട്ട എക്സൈസ് അധികാരികൾ അവിടങ്ങളിൽ റൈഡ് നടത്തുകയും വടകര എം.പിയുടെയും കൊയിലാണ്ടി എം.എൽ.എയുടെയും മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കമ്പനിയുടെ അധികൃതരുമായും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികളുമായും ചർച്ച നടത്തുകയും അപകടങ്ങൾ മേലിൽ ആവർത്തിക്കാത്ത രൂപത്തിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വാഗാഡ് കമ്പനിയെയും അപകടകരമായി വാഹനമോടിക്കുന്ന ഡ്രൈവർമാരെയും കൈകാര്യം ചെയ്യാൻ ജനങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരും. നിരത്തുകളിലൂടെ ഭയം വിതച്ച് ചീറിപ്പായുന്ന ടോറസുകൾക്ക് ബ്രേക്ക് ഇടുവാൻ പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായി രംഗത്തിറങ്ങണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.