റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടി; എംകോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിൽ അഞ്ച് റാങ്കുകളും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിന്


കൊയിലാണ്ടി: റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടിയിലെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയിൽ 2022 വർഷത്തിലെ എം.കോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും കരസ്ഥമാക്കിയാണ് കോളേജ് നേട്ടം കൈവരിച്ചത്. കോളേജിലെ എം.കോം (ഫോറിന്‍ ട്രേഡ്) ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.

ഹുദാ ഷെറിന്‍ ഒന്നാം റാങ്കും സഫീദ കെ.വി മൂന്നാം റാങ്കും മുബഷിറ എസ്.കെ, മുഹമ്മദ് ദില്‍ഷാദ് സലാം എ.വി, അമയ വി എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ഒന്‍പത് റാങ്കുകളും നേടി. 2020-21 അധ്യയന വര്‍ഷത്തിലാണ് കോളേജില്‍ എം.കോം കോഴ്സ് തുടങ്ങിയത്.

2021 ല്‍ കോളേജിന് നാക് ബി ഡബിൾ പ്ലസ് അംഗീകാരം നേടി. കൊയിലാണ്ടി താലൂക്കിൽ നാക് ബി ഡബിൾ പ്ലസ് അംഗീകാരമുള്ള ഏക എയിഡഡ് കോളേജാണ് എസ്.എൻ.ഡി.പി കോളേജ്. അടുത്തിടെയാണ് കോളേജിലെ കെമിസ്ട്രി വിഭാഗത്തില്‍ ഗവേഷണകേന്ദ്രം തുടങ്ങാന്‍ കാലിക്കറ്റ് സര്‍വകലാശാല അനുമതി നൽകിയത്.

കോമേഴ്സ് വിഭാഗത്തില്‍ ഗവേഷണകേന്ദ്രം, പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ എന്നിവയ്ക്കുള്ള അനുമതി ലഭ്യമാക്കി കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിശ്രമത്തിലാണെന്ന് കോളേജ് എന്ന് പ്രിന്‍സിപ്പള്‍ ഡോ. സുജേഷ് സി.പി അറിയിച്ചു.