കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ കോണിപ്പടികള്‍ കയറാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത; ലിഫ്റ്റ് വരുന്നു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിൽ ലിഫ്റ്റിന്റെ നിർമ്മാണം ആരംഭിച്ചു. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ ഒന്നും രണ്ടും പ്ലാളാറ്റുഫോമുകളെ ബന്ധിപ്പിച്ച് ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്. നിലവിലുളള ഫൂട്ട് ഓവര്‍ ബ്രിഡ്ജുമായാണ് ലിഫ്റ്റിനെ ബന്ധിപ്പിക്കുക. സിവില്‍ വര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

നിലവിൽ ഇരു ഭാ​ഗങ്ങളിലേക്കുമുള്ള യാത്രക്കാർ ഫ്ലാറ്റ്ഫോമുകളിലേക്ക് എത്താൻ കോണിപ്പടിയാണ് ഉപയോ​ഗിക്കുന്നത്. പ്രായമായവർക്കും അം​ഗപരിമിതർ, ശാരീരീക അവശത ഉൾപ്പെടെയുള്ളവർക്കും ഇത് ഏറേ പ്രയാസമാണ്. ലിഫ്റ്റ് വരുന്നതോടെ എളുപ്പത്തിൽ യാത്രക്കാർക്ക് അതത് ഫ്ലാറ്റ്ഫോമുകളിൽ എത്താൻ കഴിയും.

ഇരു പ്ലാറ്റുഫോമുകളിലും ആവശ്യത്തിന് ഇരിപ്പിടങ്ങള്‍, കുടിവെളള സംവിധാനം എന്നിവ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയും നീട്ടണം. മിക്ക വണ്ടികളുടെയും ആദ്യത്തെയും അവസാനത്തെയും കംപാര്‍ട്ടുമെന്റുകല്‍ നിര്‍ത്തുന്നത് പ്ലാറ്റ്‌ഫോം മേല്‍ക്കൂരയില്ലാത്ത സ്ഥലത്താണ്. ഇതു കാരണം മഴക്കാലത്ത് മഴ കൊണ്ട് വണ്ടി കയറേണ്ട അവസ്ഥയാണ്. ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് വണ്ടികള്‍ നിര്‍ത്തുന്ന രണ്ടാം പ്ലാറ്റ് ഫോമില്‍ മിക്ക വണ്ടികളുടെയും ആദ്യത്തെ ഏഴ് കംപാര്‍ട്ടുമെന്റുകള്‍ നിര്‍ത്തുന്നത് മേല്‍ക്കൂരയ്ക്ക് വെളിയിലാണ്. ഇതേ അവസ്ഥയാണ് മംഗളൂര് ഭാഗത്തേക്ക് പോകുന്ന വണ്ടികളുടെ കാര്യത്തിലും.

കൊയിലാണ്ടി സ്റ്റേഷനില്‍ കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ തീവണ്ടികളൊന്നും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. അതേ പോലെ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ദിനംപ്രതി കോഴിക്കോട്, കണ്ണൂർ ഭാ​ഗങ്ങളിലേക്ക് ട്രെയിൻ കയറുന്നതിന് നിരവധി പേരാണ് കൊയിലാണ്ടിയിലെത്തുന്നത്. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനമാകും.

Summary: Koyilandy railway station lift work in progress