പൊലീസാണ്, ഒപ്പം പൊന്നുവിളയിക്കുന്ന കര്‍ഷകനുമാണ്; പതിവ് മുടക്കാതെ കൊയിലാണ്ടി സ്റ്റേഷനിലെ ഡ്രൈവര്‍ ഒ.കെ.സുരേഷ്


കൊയിലാണ്ടി: കാക്കിക്കുള്ളിലെ കലാകാരന്‍മാരെ ഒരുപാട് കണ്ടിട്ടുണ്ട്, കലയ്ക്ക് മാത്രമല്ല, കൃഷിപ്പണിയ്ക്കും കാക്കിയൊരു തടസമല്ലയെന്ന് പറയുകയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഡ്രൈവര്‍ സുരേഷ് ഒ.കെ. സ്റ്റേഷനിലെ ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സുരേഷ് യൂണിഫോം മാറി കര്‍ഷകന്റെ ‘യൂണിഫോമുമായി’ ഇറങ്ങും, നട്ടുനനച്ചുണ്ടാക്കിയതെല്ലാം പരിപാലിക്കാന്‍.

നടുവത്തൂരില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് പച്ചപ്പ് വിരിയിച്ചത്. പച്ചക്കറികള്‍, വാഴ, നെല്ല്, ഇതിനൊക്കെ വളമുണ്ടാക്കാന്‍ വീട്ടില്‍ നൂറോളം കോഴിയും, പിന്നെ പശുവും. പച്ചക്കറികളില്‍ തന്നെ രണ്ട് തരം ചീര, കക്കിരി, വെളളരി, ഇളവന്‍, മത്തന്‍, കയ്പ, പടവലം, പയര്‍, പച്ചമുളക്.. എന്നിവയുണ്ട്. വിഷുവിന് വില്‍പ്പന ലക്ഷ്യമിട്ട് ഒരുക്കുന്ന കണിവെള്ളരിയും മുളച്ച് വരുന്നു. വാഴയില്‍ നേന്ത്രനും, റോബസ്റ്റയുമാണുള്ളത്.

അച്ഛന്റെ പാത പിന്തുടര്‍ന്നാണ് കൃഷിയിലേക്കിറങ്ങിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി തോട്ടത്തിലുള്ള സുരേഷിനെ സഹായിക്കാന്‍ ഭാര്യയും അവരുടെ സഹോദരിയും മക്കളുമൊക്കെ സജീവമായുണ്ട്. ഇളയ മകള്‍ പഞ്ചായത്തിലെ മികച്ച കര്‍ഷക വിദ്യാര്‍ത്ഥിനിയായിരുന്നു. കൃഷിക്ക് വിനയാകുന്ന കീടങ്ങളെ തുരത്താനുള്ള സംവിധാനവും തോട്ടത്തിലുണ്ട്. കാണുമ്പോള്‍ ഒരു ബള്‍ബ് പോലെ തോന്നിക്കുന്ന ഫെറമോണ്‍കെണിയാണ് അതിന് ഉപയോഗിക്കുന്നത്. സുഗന്ധം പരത്തുന്ന ഈ കെണിക്കുള്ളിലേക്കെത്തുന്ന കീടങ്ങള്‍ പാത്രത്തിനടിയിലെ വെള്ളത്തില്‍ വീണ് ചാവും. എന്നാല്‍ അണ്ണാനോട് മാത്രമാണ് രക്ഷയില്ലാത്തത്. പയറ് മൊത്തം നല്ല വൃത്തിയായി പൊളിച്ച് തിന്നു പോകും. ഇതൊക്കെയാണെങ്കിലും സുരേഷും കുടുംബവും ഹാപ്പിയാണ്.

നല്ല ശുദ്ധമായ പച്ചക്കറി കഴിക്കുന്നതോടൊപ്പം ചെറിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണിത്. തോട്ടത്തില്‍ എത്തുന്ന ആവശ്യക്കാര്‍ക്കും വിപണിയിലും പച്ചക്കറികള്‍ വില്‍ക്കാറുണ്ട്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാര്‍ ഇറക്കിയ നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കിയത് സുരേഷ് ആയിരുന്നു.