ലാത്തിയേന്തിയ കൈകളിൽ വിത്ത്; ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കരനെൽ കൃഷി


കൊയിലാണ്ടി: കേരള സർക്കാറിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തിടൽ ചടങ്ങ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, കൗൺസിലർ അജിത് മാസ്റ്റർ, കൃഷി ഓഫീസർ ശുഭശ്രീ ആർ, സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ, കൃഷി അസിസ്റ്റൻറ് ജിധിൻ.എം, തൊഴിലുറപ്പ് പദ്ധതി എ.ഇ.സി.ആർ അശ്വതി, തൊഴിലുറപ്പ് തൊഴിലാളികൾ, പൊലീസ് സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സി.ഐ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയുടെ മേൽനോട്ടം കർഷക അവാർഡ് ജേതാവും എസ്.സി.പി.ഒയുമായ സുരേഷ്.ഒ.കെ, എസ്.സി.പി.ഒ രാകേഷ്, സി.പി.ഒ പ്രദീഷ്.സി എന്നിവർക്കാണ്. പൂമുഖം ഇബ്രാഹിം എന്നയാളുടെ സ്ഥലം പാട്ടത്തിനെടുത്താണ് കൊയിലാണ്ടി പൊലീസ് കൃഷി നടത്തുന്നത്. ഇതേ സ്ഥലത്ത് കൊയിലാണ്ടിയിലെ പൊലീസുകാർ നേരത്തേ പച്ചക്കറി കൃഷിയും ചെയ്തിരുന്നു.