കുട്ടികളുടെ കലാപരിപാടികൾക്ക് പോലീസ് മാമൻമാർ കയ്യടിച്ചു, പൂക്കളമൊരുക്കിയും സദ്യയുണ്ടും അവർ സ്നേഹം പങ്കിട്ടു; ‘സ്പെഷ്യൽ’ ആക്കി ഇത്തവണത്തെ കൊയിലാണ്ടി പോലീസിന്റെ ഓണം
കൊയിലാണ്ടി: പൂക്കളമൊരുക്കിയും സദ്യയുണ്ടും കുട്ടികളോടൊത്തു കൂടി ആഘോഷിച്ച് പൊന്നോണമാക്കി കൊയിലാണ്ടിയിലെ പോലീസുകാർ. ഇത്തവണത്തെ പോലീസുകാരുടെ ആഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടത്തിയതോടെ ഇരുകൂട്ടർക്കും അത് ഇരട്ടി സ്പെഷ്യൽ ആയി.
വർണ്ണ പൂക്കളമൊരുക്കാനും, ഓണ സദ്യ വിളമ്പാനും പാട്ടും നൃത്തവും തുടങ്ങിയ കലാപരിപാടികൾക്ക് പ്രോത്സാഹനവുമായി പോലീസുകാർ എത്തിയപ്പോൾ കുട്ടികൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അത്തം ഒന്നായ ഇന്നലെയാണ് കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം അഭയത്തിലെത്തി ഓണം ആഘോഷിച്ചത്. ഡി.വൈ.എസ്.പി. ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പോലീസ് ഇൻസ്പെക്ടർ എൻ സുനിൽ കുമാർ അധ്യക്ഷനായി.
പോലീസ് നൽകിയ പ്രിന്റർ കം കോപ്പിയർ അഭയം പ്രസിഡന്റ് എം.സി. മാസ്റ്റർ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ പി.ടി. അനി, കെ.പി .ഒ.എ. ജില്ലാ ട്രഷറർ ശിവദാസൻ, അഭയം ജന. സെക്രട്ടറി മാടഞ്ചേരി സത്യനാഥൻ, പ്രിൻസിപ്പാൾ പി.കെ. ബിത എന്നിവർ സംസാരിച്ചു. വിവിധ കാലാപരിപാടികളും നടന്നു.