പ്രായമൊരു പ്രശ്നമല്ല! അക്ഷര വഴിയിൽ അരികുളംകാരി വസന്തവും മുചുകുന്ന് സ്വദേശി നാരായണിയും എത്തി; ഏഴാം ക്ലാസ് എഴുതി നേടാൻ
കൊയിലാണ്ടി: ചില ചോദ്യങ്ങൾ വായിച്ചപ്പോൾ സംശയങ്ങളുയർന്നെങ്കിലും ഇത് വിജയിക്കാനായി എഴുതുകയാണെന്ന കാര്യത്തിൽ ഇരുവർക്കും സംശയമേയില്ലായിരുന്നു. അവരുടെ ആത്മ ധൈര്യത്തിന് മുന്നിൽ പരീക്ഷ പേടിക്കോ ഉത്കണ്ഠകൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. ജീവിത പരീക്ഷകൾ ഏറെ നേരിട്ടിട്ടാണ് അരിക്കുളം ആത്തനശ്ശേരി മീത്തല്‍ വസന്തയും മുചുകുന്ന് പാപ്പാരിപൊയില്‍ നാരായണിയും സാക്ഷരതാ മിഷന്‍ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാൻ എത്തിയത്.
പാതിവഴിയില്‍ ഇരുവർക്കും പഠനം ഉപേക്ഷിക്കേണ്ടതായ വന്നിരുന്നു. എന്നാൽ അതിനിടയിൽ ഇവരുടെ ജീവിതത്തിലേക്ക് സാക്ഷരതാ പ്രവര്‍ത്തനത്തില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന സാമൂഹിക പ്രവത്തകർ എത്തുകയായിരുന്നു. പ്രായവും പ്രാരാബ്ദവും മറന്ന് നാരായണിയേയും വസന്തയെയും പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ചത് അവരായിരുന്നു. സാക്ഷരതാ പ്രവര്‍ത്തകരായ ദീപ, വിജയശ്രി, സീതാമണി, സൈമ, ഷിജിനി എന്നിവരടങ്ങിയ സംഘമാണ് ഇവരെ അക്ഷര വഴിയിൽ നയിച്ചത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തിൽ ഇന്നലെയായിരുന്നു പരീക്ഷ നടത്തിയത്. നാരായണിയും വസന്തയും കൂടാതെ കുറച്ചു പേരും കൂടെ പരീക്ഷ എഴുതിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.ജുബീഷ് പഠിതാക്കള്‍ക്ക് ചോദ്യ പേപ്പര്‍ നല്‍കി . ശനിയാഴ്ച ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. ഇതോടൊപ്പം നാലാം ക്ലാസ് തുല്യതാ പരീക്ഷയും നടന്നു. ഏഴാം ക്ലാസ് പരീക്ഷ വിജയിച്ചാല്‍ പത്താം തരം തുല്യതാ ക്ലാസിലേക്കും,നാലാം ക്ലാസ് ജയിച്ചാല്‍ ഏഴാം തരം തുല്യതാ പരീക്ഷയും എഴുതാം.
ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത നിരക്ഷരരെ എഴുത്തും വായനയും പഠിപ്പിക്കാന്‍ യുവാക്കള്‍ തുനിഞ്ഞ് ഇറങ്ങി, ആഴകടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്ന മല്‍സ്യതൊഴിലാളികളെ അക്ഷരം പഠിപ്പിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ വളളത്തില്‍ കയറി, പാടവരമ്പുകള്‍ പാഠ്യശാലകളായി. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സാക്ഷരതാപ്രസ്ഥാനത്തിന്‍റെ ഇറ്റില്ലങ്ങളായി. അങ്ങനെ കേരളം കണ്ട ഏറ്റവും ജനകീയമായ പ്രസ്ഥാനമായി സാക്ഷരതാ പ്രസ്ഥാനം മാറുകയായിരുന്നു.