‘സൈനിക വാഹനങ്ങള്‍ തിരക്കിട്ട് പോകുന്നത് കണ്ടതോടെ ഇന്നലെ രാത്രി ആരും ഉറങ്ങിയില്ല, ആകെ പരിഭ്രാന്തരായിരുന്നു’; ഉക്രൈനില്‍ നിന്നും കൊയിലാണ്ടി സ്വദേശി സാരംഗ് സംസാരിക്കുന്നു
കൊയിലാണ്ടി: ഏറെ പരിഭ്രമത്തോടെയാണ് ഇന്നലെ രാത്രി ഉക്രൈനില്‍ കഴിഞ്ഞതെന്ന് കൊയിലാണ്ടി സ്വദേശി സാരംഗ് സജീവന്‍. ഉക്രൈനിലെ സാപോരിഷിയ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് സാരംഗ്.
യൂണിവേഴ്‌സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ആറുവരിപ്പാതയ്ക്ക് അരികിലാണ് ഞങ്ങള്‍ താമസിക്കുന്ന മുറി. മൂന്നുപേരാണ് ഇവിടെ പെട്ടിരിക്കുന്നത്. സൈന്യം സാപോരിഷിയയില്‍ ക്യാമ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. റോഡിലൂടെ സൈനിക വാഹനങ്ങള്‍ നിരയായി പോകുന്നത് കണ്ടതോടെ വിദ്യാര്‍ഥികളെല്ലാം പരിഭ്രാന്തരായി. ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചെന്ന വാര്‍ത്ത നാട്ടില്‍ നിന്നും അറിഞ്ഞതിനു പിന്നാലെ പുലര്‍ച്ചെയാണ് ഉറങ്ങിയതെന്നും സാരംഗ് പറഞ്ഞു.
തലസ്ഥാന നഗരിയായ കീവില്‍ നിന്നും അല്പം ദൂരെയാണെങ്കിലും യുദ്ധത്തിന്റെ ഭീതി സാപോരിഷിയയിലുമുണ്ടെന്നാണ് സാരംഗിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞദിവസം ഇവിടെ എ.ടി.എം കൗണ്ടറുകള്‍ക്കു മുമ്പില്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയായിരുന്നുവെന്നാണ് സാരംഗ് പറഞ്ഞത്. ‘സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സൈ്വപ്പ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് തിരിച്ചുവരുമ്പോഴേക്കും അരി പോലുള്ള സാധനങ്ങള്‍ തീര്‍ന്നിരുന്നു. റവയൊക്കെയാണ് കിട്ടിയത്. ഉള്ളത് വാങ്ങി തിരിച്ചുപോന്നു’ സാരംഗ് പറഞ്ഞു.
യുദ്ധഭീതിയില്‍ രണ്ടും മൂന്നും ആഴ്ചത്തേക്കുള്ള സാധനങ്ങള്‍ ആളുകള്‍ വാങ്ങിക്കൂട്ടുകയാണ്. വെളളത്തിനും വൈദ്യുതിയ്ക്കും ഇന്റര്‍നെറ്റിനും ഇതുവരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാപോരിഷിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഞ്ഞൂറോളം മലയാളി വിദ്യാര്‍ഥികളുണ്ട്. ഫെബ്രുവരി ഏഴു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് ഒമ്പതു മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് അറിയിച്ചതുകൊണ്ടാണ് ആരും നാട്ടിലേക്ക് വരാതിരുന്നത്. എംബസിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ അറിയിപ്പു ലഭിക്കാനും വൈകിയെന്ന് സാരംഗ് പറയുന്നു.
എംബസിയില്‍ നിന്നും ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങണമെന്ന നിര്‍ദേശം ലഭിച്ചത്. ആദ്യത്തെ ബാച്ച് പോയി നാട്ടില്‍ സുരക്ഷിതമായി എത്തിയിട്ടുണ്ട്. രണ്ടാമത്തെ സംഘം കീവ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് അവിടെ ആക്രമണം നടന്നത്. തുടര്‍ന്ന് അവര്‍ അവിടെ പെട്ടുപോയ സ്ഥിതിയാണ്. മടങ്ങണമെന്ന നിര്‍ദേശം എപ്പോള്‍ വേണമെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് കാത്തിരിക്കുകയാണ് താനടക്കമുള്ള വിദ്യാര്‍ഥികളെന്നും സാരംഗ് പറഞ്ഞു.
ഉക്രൈന്റെ അതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയുള്ള പ്രദേശമാണ് സാപോരിഷിയ. ഇവിടെനിന്നും എല്ലാ അതിര്‍ത്തികളിലേക്കും ആയിരത്തിലേറെ കിലോമീറ്റര്‍ ദൂരമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുകയെന്നാണ് അറിയുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആറുമാസമാണ് ബാക്കിയുള്ളത്. തിരിച്ചുപോകുകയാണെങ്കില്‍ തന്നെ അതുമായി ബന്ധപ്പെട്ട ആശങ്കകളും മനസിലുണ്ടെന്ന് സാരംഗ് പറയുന്നു.
കൊയിലാണ്ടി കുറുവങ്ങാട് കോഴിക്കളത്തിൽ താഴെ സജീവന്റെയും സിന്ധുവിന്റെയും മകനാണ് സാരംഗ്