712 അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായുള്ളത് 12637 കുടുംബങ്ങള്‍; ഇതില്‍ 420 സംരംഭക കുടുംബങ്ങള്‍: കുടുംബശ്രീ രജതജൂബിലിയിലെത്തി നില്‍ക്കുമ്പോള്‍ പ്രവര്‍ത്തന മികവുമായി കൊയിലാണ്ടി നഗരസഭയും
കൊയിലാണ്ടി: സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച കുടുംബശ്രീ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ആരംഭിച്ച ഈ പദ്ധതി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയ്ക്കും കുടുംബശ്രീയുടെ കാര്യത്തില്‍ എടുത്തുപറയാന്‍ പറ്റുന്ന ചെറുതല്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1995ലാണ് കൊയിലാണ്ടി നഗരസഭയില്‍ കുടുംബശ്രീ സംവിധാനം നിലവില്‍ ന്നത്. 1998ലാണ് ഔപചാരികമായി കുടുംബശ്രീ സംവിധാനം കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. ഇന്ന് നഗരസഭയില്‍ നോര്‍ത്ത് സൗത്ത് സി.ഡി.എസുകളിലായി 44 വാര്‍ജഡുുകളിലായി 44 എ.ഡി.എസുകളും 712 അയല്‍കൂട്ടങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭയിലെ 12637 കുടുംബങ്ങളാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്.
കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ 420 കുടുംബങ്ങളെ സംരംഭകരാക്കാന്‍ സാധിച്ചു. വിവിധ മേഖലകളിലായി നിരവധി കുടുംബശ്രീ യൂണിറ്റുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള നാല് ജനകീയ ഹോട്ടലുകള്‍, യോഗ ഫിറ്റ്‌നസ് സെന്ററുകള്‍, വനിതാ ഹോസ്റ്റല്‍, ശിങ്കാരി മേളം, കണ്‍സ്ട്രക്ഷന്‍ യൂണിറ്റ്, ന്യൂട്രി മിക്‌സ് യൂണിറ്റ്, അണുനശീകരണ യൂണിറ്റ് എന്നിവ ഇവയില്‍ എടുത്തുപറയേണ്ടവയാണ്.
കൊയിലാണ്ടിയില്‍ കുടുംബശ്രീയുടെ നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തികമായ ശാക്തീകരണം തന്നെയാണെന്ന് കൊയിലാണ്ടി നഗരസഭയില്‍ സി.ഡി.എസിന്റെ സാമൂഹ്യ ഉപസമിതി കണ്‍വീനറായ ഗിരിജ പറയുന്നു. ‘അതുകൊണ്ടുതന്നെ അടുത്തിടെ കൂടുതല്‍ പേര്‍ കുടുംബശ്രീയുടെ ഭാഗമാകുകയും ഓരോ വാര്‍ഡിലും മൂന്നും നാലും കുടുംബശ്രീകള്‍ അധികമായി രൂപീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ആരംഭിച്ച വനിതാ വെല്‍നസ് സെന്റര്‍ മികച്ച ഒരു മുന്നേറ്റമാണ്. അതുപോലെ വളരെ ലാഭകരമായി മുന്നോട്ടുപോകുന്ന നാല് ജനകീയ ഹോട്ടലുകളിലായി 30ഓളം സ്ത്രീകളാണ് ജോലി ചെയ്യുന്നത്.
ഒരു കാര്‍ഷിക നഴ്‌സറി കുടുംബശ്രീയുടെ കീഴില്‍ ആരംഭിച്ചിട്ടുണ്ട്. മുമ്പത്തെ അപേക്ഷിച്ച് നിരവധി കുടുംബശ്രീ അംഗങ്ങള്‍ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്. തുടങ്ങിയ സംരംഭങ്ങളൊന്നും ഇതുവരെ നിര്‍ത്തിയിട്ടില്ലയെന്നതാണ് ഇവിടുത്തെ പ്രത്യേകത’ ഗിരിജ വ്യക്തമാക്കി.
അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ 254 കുടുംബങ്ങളെ സംരക്ഷിച്ചുവരുന്നുണ്ട്. ഇതിനു പുറമേ അയല്‍ക്കൂട്ടങ്ങളില്‍ അംഗമല്ലാത്ത യുവതികള്‍ക്കുവേണ്ടി ഓക്‌സിലറി ഗ്രൂപ്പും വയോജനങ്ങള്‍ക്കായുള്ള വയോജന അയല്‍ക്കൂട്ടങ്ങളും കൊയിലാണ്ടിയില്‍ സജീവമാണ്.