ഒൻപത് വയസ്സുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി കോടതി

കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. കുറ്റ്യാടി സ്വദേശി പാറചാലിൽ അബു (68) വിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.

ഒരു വർഷത്തോളമായി പ്രതി ബാലികയെ പീഡിപ്പിക്കുകയായിരുന്നു. 2018 ൽ ആണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്തു ഇയാൾ വരുകയും ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.ഇയാളുടെ വരവിലും സാമീപ്യത്തിൽ സംശയം തോന്നിയ അയൽവാസിയായ സ്‌ത്രീയാണ് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അപ്പോഴാണ് ബാലിക പീഡന വിവരങ്ങൾ പുറത്ത് പറയുന്നത്.

കേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പിയാണ് ശിക്ഷ വിധിച്ചത്. കുറ്റിയാടിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. നാദാപുരം ഡി.വൈ.എസ്.പി ജി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.