സ്ത്രീകള്‍ക്കായി നിക്ഷേപിക്കാം പുരോഗതി ത്വരിതപ്പെടുത്താം’; വിവിധ കലാപരിപാടികളോടെ വനിതകള്‍ക്കായി വേദിയൊരുക്കി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: വനിതകള്‍ക്കായി വേദിയൊരുക്കി കൊയിലാണ്ടി നഗരസഭ. വനിതാദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീ കൂട്ടായ്മയായ വിഷ് (WISH -Women Initiative for Safe and Happy tomarrows) ന്റെ ആഭിമുഖ്യത്തിലാണ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചത്.

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിയായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് വനിതാ കമ്മീഷന്‍ നല്‍കിയ അവാര്‍ഡ് വിതരണവും മുനിസിപ്പല്‍ ജാഗ്രത സമിതിയിലെ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടുന്ന വനിതാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ള വനിതാ ജീവനക്കാര്‍, ഐ സി ഡി എസ്സ് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭയിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങി സ്ത്രീകള്‍ മാത്രം അടങ്ങുന്ന വലിയൊരു കൂട്ടായ്മയാണ് വിഷ്.

‘സ്ത്രീകള്‍ക്കായി നിക്ഷേപിക്കാം പുരോഗതി ത്വരിതപ്പെടുത്താം’ എന്ന വനിതാ ദിന സന്ദേശത്തില്‍ അധികരിച്ച് ടോക് ഷോയും നടന്നു. അന്വേഷി അജിത, മീഡിയ വണ്‍ സീനിയര്‍ കറസ്പോണ്ടന്റ് ഷിദ ജഗത്, സീനിയര്‍ അഭിഭാഷക അഡ്വ സീന .പി എസ്സ്, അധ്യാപികയും മുന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുമായ കവിത പി.സി എന്നിവര്‍ ടോക് ഷോയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ത്രീ പക്ഷ സിനിമകളുടെ പ്രദര്‍ശനവും വിഷ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. രാത്രി നടത്തവും ഇതിനോടൊപ്പം സംഘടിപ്പിച്ചു.


വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഇന്ദിര ടീച്ചര്‍, പ്രജില, നിജില പറവക്കൊടി, വനിതാ കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ഐ സി ഡി എസ്സ് സൂപ്പര്‍വൈസര്‍ സബിത സി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി രെമിത, സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍മാരായ വിബിന കെ കെ, ഇന്ദുലേഖ എന്നിവരും സംസാരിച്ചു.