ബൈപ്പാസ് നിർമ്മാണം തടഞ്ഞുള്ള പ്രതിഷേധം ഫലം കണ്ടു; മരളൂർ-പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു


കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മരളൂർ പനച്ചിക്കുന്ന് റോഡ് മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞാണ് പ്രതിഷേധിച്ചത്. തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചത്.

ദേശീയപാത ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം തടസ്സപ്പെട്ട പനച്ചിക്കുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കു കയറുന്ന ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി ഗതാഗത യോഗ്യമാക്കി.

ദേശീയപാത ബൈപ്പാസ് നിർമ്മാണം ആരംഭിച്ചതു മുതൽ മരളൂർ പനച്ചിക്കുന്ന് ഭാഗത്തെ റെയിലിനും റോഡിനുമിടയിൽ പെട്ട് 150 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്. മഴ പെയ്താൽ ഈ ഭാഗത്തേക്ക് കാൽനടയാത്ര പോലും ദുരിതപൂർണ്ണ മായിരുന്നു.

നിരവധി തവണ പരാതി പറഞ്ഞിട്ടും അധിതൃതർ സ്ഥലം സന്ദർശിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് കൊയിലാണ്ടി നഗരസഭ കൗൺസിലർ എൻ.ടി.രാജീവന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. ഉണ്ണികൃഷ്ണൻ മരളൂർ, ഗിരീഷ് പുതുക്കുടി, പി.ടി.അജിത്ത്, പി.ടി.ഷാജി എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.