ഓഫ് റോഡ് മഡ് റെയ്സിങ്ങിനായുള്ള ട്രാക്ക് അല്ല, കൊയിലാണ്ടി-അരിക്കുളം റോഡാണേ… ബൈപ്പാസിലെ അണ്ടർപാസ് നിർമ്മാണത്തിനായി ദർശന മുക്കിനടുത്ത് റോഡ് പൊളിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ


കൊയിലാണ്ടി: റോഡ് പണി തങ്ങൾക്ക് ഇരട്ടിപ്പണിയായ അവസ്ഥയിൽ കൊയിലാണ്ടി-അരിക്കുളം  റോഡിലെ യാത്രക്കാർ. റോഡിൽ ദർശനമുക്കിനടുത്ത് കൊയിലാണ്ടി ബൈപ്പാസിന്റെ ഭാഗമായ അണ്ടർപാസ് നിർമ്മിക്കുന്നതിന്റെ ഭാഗമായി  റോഡ് പൊളിച്ചതോടെയാണ് പ്രദേശവാസികളിടെ സഞ്ചാരം ദുരിതത്തിലായത്. ഇതിനു പകരമായി നിർമ്മിച്ച റോഡ് ചെളിക്കുളമായി വാഹനങ്ങൾ പോകാൻ പോലും ഏറെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്.

 

ഇന്ന് രാവിലെ മുതലാണ് ബദൽ സംവിധാനമായി നിർമ്മിച്ച റോഡ് മൺകുഴിയായി മാറിയത്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ സഞ്ചാരം ദുരിതപൂർണ്ണമായി. നന്തി-ചെങ്ങോട്ടുകാവ് ബൈപാസിന്റെ ഭാഗമായി അണ്ടർപാസ്  നിർമ്മാണത്തിനായായാണ് പ്രധാനപ്പെട്ട റോഡ് പൊളിച്ചത്. നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ച് പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബൈപ്പാസ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിക്കാരുടെ അനാസ്ഥ മൂലം വളരെ പെട്ടെന്ന് തന്നെ ഇത് തകരുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

ദിവസവും നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്ന് പോകുന്നത്. മഴ പെയ്തതോടുകൂടിയാണ് രോഡ് ചെളിക്കുളമായി മാറിയത്. ഇപ്പോൾ കാൽനടപോലും ഏറെ ദുസ്സഹമായ അവസ്ഥയിലാണ്. തകർന്ന റോഡിലെ ചളി മീറ്ററുകളോളം വ്യാപിച്ച് ബൈക്ക് യാത്രികർക്കും ചെറിയ വാഹനങ്ങൾക്കും ഇത് വഴി കടന്നു പോകുന്നത് അപകട ഭീഷണി തന്നെ ഉയർന്നിരിക്കുകയാണ്.

ഇന്ന് രാവിലെ സ്കൂളിലും, ജോലി സ്ഥലങ്ങളിലും മറ്റും പോകാനായി വന്ന നിരവധി പേർ ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ കടന്നു പോയത്. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് യാത്രക്കാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.