ഇന്ന് നവമി, ഭക്തജനത്തിരക്കില്‍ പിഷാരികാവ് ക്ഷേത്രം; നാളെ ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തുന്നത് അഞ്ഞൂറോളം കുരുന്നുകള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ അവസാന ദിനത്തില്‍ ഭക്തജനത്തിരക്കില്‍ വീര്‍പ്പ് മുട്ടി കൊല്ലം പിഷാരികാവ് ക്ഷേത്രം. നവമി ദിവസമായ ഇന്ന് നൂറുകണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയത്. വിജയദശമി ദിവസമായ നാളെയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

നാളെ രാവിലെ ആറ് മണിക്ക് നാദസ്വരക്കച്ചേരിയോടെയാണ് ക്ഷേത്രത്തിലെ പരിപാടികള്‍ ആരംഭിക്കുക. കോഴിക്കോട് അമൃത്‌നാഥും സംഘവുമാണ് കച്ചേരി അവതരിപ്പിക്കുന്നത്.

നാദസ്വരക്കച്ചേരിക്ക് ശേഷം രാവിലെ ഏഴ് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും അരങ്ങേറും. തുടര്‍ന്ന് എട്ടരയോടെ സരസ്വതി പൂജ നടക്കും. ഇതിന് ശേഷമാണ് ഗ്രന്ഥം എടുക്കല്‍.

രാവിലെ ഒമ്പത് മണിക്കാണ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിക്കുന്ന അരിയിലെഴുത്ത് ചടങ്ങ്. ഇത്തവണ അഞ്ഞൂറോളം കുരുന്നുകളാണ് പിഷാരികാവ് ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തുക.

രാവിലെ അടച്ച് പൂജയ്ക്ക് ശേഷമാണ് അരിയിലെഴുത്ത് ആരംഭിക്കുക. മേല്‍ശാന്തി നാരായണന്‍ മൂസതിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടക്കുക. അടച്ച് പൂജയ്ക്ക് ശേഷം മേല്‍ശാന്തി കുരുന്നുകള്‍ക്ക് പ്രസാദം കൊടുക്കുന്നതോടെയാണ് അരിയിലെഴുത്ത് ആരംഭിക്കുക.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി രക്ഷിതാക്കളുടെ മടിയിലിരുന്നാണ് ഇത്തവണയും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുക. കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമാണ് അരിയിലെഴുത്ത് ചടങ്ങ് ഈ രീതിയില്‍ മാറ്റിയത്.

രാവിലെ 9:15 മുതല്‍ ഹരികൃഷ്ണന്‍.വി.ജി, ദേവനന്ദ.ബി.എസ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.

വീഡിയോ കാണാം: