തൃത്തായമ്പകയും മെഗാഷോയും, ഒപ്പം വേറെയുമുണ്ട് പരിപാടികള്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് (25/03/2023)


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ആകര്‍ഷകമായ വേറെയും പരിപാടികള്‍ അരങ്ങേറും. രാവിലെ നടന്ന കാഴ്ച ശീവേലിയുടെ മേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിരി നേതൃത്വം നല്‍കി. തുടര്‍ന്ന് ഒമ്പതരയ്ക്ക് പാഞ്ചാലീസ്വയംവരം ഓട്ടന്‍തുള്ളല്‍ അരങ്ങേറി.

രാത്രി എട്ട് മണിക്ക് ക്ഷേത്രത്തില്‍ തൃത്തായമ്പക നടക്കും. ഷിഗിലേഷ് കോവൂര്‍, സച്ചിന്‍നാഥ് കലാലയം, ജഗന്നാഥന്‍ എന്നിവരാണ് തൃത്തായമ്പകയില്‍ അണിനിരക്കുക. രാത്രി ഏഴ് മണിക്ക് സ്‌കോര്‍പ്പിയോണ്‍സ് കൊല്ലം അവതരിപ്പിക്കുന്ന മെഗാഷോ ക്ഷേത്രപരിസരത്ത് നടക്കും.

കോമഡി ഉത്സവം, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് മിമിക്രി ടി.വി താരം മിഥുന്‍ മണ്ണാര്‍ക്കാടും ഷോബിത് മാങ്ങാടുമാണ് മെഗാഷോ നയിക്കുന്നത്. സീ കേരളം സരിഗമപ ഫെയിം മാനസ മനോജും ഷോയുടെ പ്രധാന ആകര്‍ഷണമാണ്.

ഇന്ന് വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിയുടെ മേളത്തിന് പോരൂര്‍ ഹരിദാസ് മാരാര്‍ നേതൃത്വം നല്‍കും. വലിയവിളക്ക് ദിവസം വരെ ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമ പാരായണം, കാഴ്ചശീവേലിക്ക് ശേഷം ഓട്ടന്‍തുള്ളല്‍, ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, സോപാനസംഗീതം, തായമ്പക, കേളിക്കൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പാഠകം പറയല്‍, രാവിലെയും വൈകീട്ടും കാഴ്ചശീവേലി എന്നിവ ഉണ്ടായിരിക്കും.