കൊല്ലം പിഷാരികാവ് കാളിയാട്ടം; ക്ഷേത്രപരിസരത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും കര്‍ശന നിരീക്ഷണം, ഏപ്രില്‍ നാല്, അഞ്ച് തിയ്യതികളില്‍ കൊയിലാണ്ടിയില്‍ ഡ്രൈഡേ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിനായി പോലീസിന്റെ വന്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രില്‍ 4, 5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്.

വിവിധ സ്റ്റേഷനുകളില്‍ നിന്നായി 300 ഓളം പോലീസുകാരെ വിന്യസിക്കും. വനിതാ പോലീസ്, മഫ്ടി പോലീസ് എന്നിവര്‍ നിരീക്ഷണത്തിനായുണ്ടാകും. റൂറല്‍ എസ്.പി.അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ.മെല്‍വിന്‍ ജോസ്, എസ്, ഐ.ജിതേഷ് എന്നിവരുടെ ഏകോപനത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍.

ക്ഷേത്രപരിസരം സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കും. വില കൂടിയ ആഭരണങ്ങള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് സി.ഐ.അറിയിച്ചു.

എക്‌സൈസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തും. പിഷാരികാവ് ഉത്സവത്തിന്റെ ഭാഗമായി എക്‌സൈസ് സംഘവും കര്‍ശനമായ പരിശോധന നടത്തും. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും കൊയിലാണ്ടി എക്‌സൈസ് ഇന്‍സ്പക്ടറുടെയും നേതൃത്വത്തില്‍ ഉത്സവദിവസങ്ങളില്‍ 24 മണിക്കുറും പെട്രോളിംഗ് നടത്തും.

മഫ്ടിയിലും എക്‌സൈസ് സംഘം നിരീക്ഷണം നടത്തും. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ചുമതലയുള്ള അസി.എക്‌സൈസ് കമ്മീഷണര്‍ കെ.എ.സുരേഷിന്റെ ചുമതലയിലായിരിക്കും ഏകോപനം നടത്തുക. ഏപ്രില്‍ 4,5, തിയ്യതികളില്‍ കൊയിലാണ്ടി നഗരസഭാ പരിധിയില്‍ ഡ്രൈഡേ ആയിരിക്കും.