ഭക്തര്‍ നേരിടുന്ന അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ പര്യാപ്തം; കൊല്ലം പിഷാരികാവില്‍ ജെ.സി.ഐ കൊയിലാണ്ടി- സഹാനി ഹോസ്പിറ്റല്‍ ഫസ്റ്റ് എയ്ഡ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി


കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജെ.സി.ഐ കൊയിലാണ്ടിയും സഹാനി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമശുശ്രൂഷ കേന്ദ്രം ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ നേരിടുന്ന ഏത് അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ പര്യാപ്തമാകുന്ന എല്ലാവിധ ഒരുക്കങ്ങളും കൈകൊണ്ടാണ് ഫസ്റ്റ് എയ്ഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.

ആര്‍.എം.ഒ അടക്കം മൂന്ന് ഡോക്ടര്‍മാരുടെയും മൂന്ന് നേഴ്‌സുമാരുടെയും ആംബുലന്‍സ് സര്‍വീസ് സേവനവും ഉത്സവം കഴിയും വരെ മുഴുവന്‍ സമയവും ലഭ്യമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം. തുടര്‍ച്ചയായി 11 വര്‍ഷമായി ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി മേഖലാ പ്രവര്‍ത്തകര്‍ ഇത്തരം സന്നദ്ധ സേവനവുമായി രംഗത്ത് വരുന്നത്.

കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ക്ലിനിക്കില്‍ 370 ഓളം കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ജെസിഐ പ്രസിഡന്റ് അശ്വിന്‍ മനോജ്, സഹാനി ഹോസ്പിറ്റല്‍ പി.ആര്‍.ഒ അരുണ്‍, പ്രോഗ്രാം ഡയറക്ടര്‍ ശ്രീജിത്ത്, അഡ്വക്കേറ്റ് പ്രവീണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.