കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു; എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാനസമിതിയുടേതാണ് തീരുമാനം.

സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകരമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദനെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്.

ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു എം.വി.ഗോവിന്ദന്‍. 1991 ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. സി.പി.എമ്മിന്റെ കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുതവണ എം.എല്‍.എയായിരുന്നു.

നിലവില്‍ എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എം.വി.ഗോവിന്ദന്‍. അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നതോടെ മന്ത്രി സ്ഥാനത്തുനിന്നും ഒഴിയും. ഈ സാഹചര്യത്തില്‍ പുതിയതായി മന്ത്രിസഭയിലേക്ക് ആര് വരുമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.