ഓർമ്മകളിൽ രക്തതാരകമായി ജ്വലിച്ച് പ്രിയസഖാവ്; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കൊയിലാണ്ടി


കൊയിലാണ്ടി: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് കൊയിലാണ്ടിയുടെ ആദരം. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗത്തില്‍ സി.പി.എം നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും നൂറുകണക്കിന് ജനങ്ങളും പങ്കെടുത്തു.

വൈകീട്ട് നാലരയോടെ ആരംഭിച്ച അനുശോചന യോഗത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ ബാബുരാജ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി എം.എല്‍.എയുമായ കാനത്തില്‍ ജമീല അധ്യക്ഷയായി. സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ.ചന്ദ്രന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വിശ്വന്‍, കെ.ദാസന്‍, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ, കോണ്‍ഗ്രസില്‍ നിന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, സി.പി.ഐയില്‍ നിന്ന് ഇ.കെ.അജിത് മാസ്റ്റര്‍, എല്‍.ജെ.ഡിയെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, അഡ്വ. കെ.സത്യൻ, സി.സത്യചന്ദ്രൻ, കെ.ടി.എം.കോയ ഹുസൈൻ തങ്ങൾ, വായനാരി വിനോദ് കുമാർ, വി.പി.ഇബ്രാഹിം കുട്ടി, അരവിന്ദൻ മാസ്റ്റർ, അഡ്വ. ടി.കെ.രാധാകൃഷ്ണൻ, സുനിൽ മോഹൻ, ഇസ്മായിൽ, കരീംക്ക എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍ ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്.

ആയിരക്കണക്കിന് ജനങ്ങളും സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രിയസഖാവിന് വിട നല്‍കാനായി പയ്യാമ്പലത്ത് എത്തിയിരുന്നു. തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്.

ആംബുലന്‍സില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി എന്നിവരടക്കമുള്ള നേതാക്കളാണ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം ചിതയിലേക്ക് എത്തിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കേരള പൊലീസിന്റെ ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.


കോടിയേരി ബാലകൃഷ്ണന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ആദരാഞ്ജലികൾ…