‘ ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫിക്ക് നല്ലത്, അശ്ലീലം പറഞ്ഞ് പെണ്ണുങ്ങളെ തോൽപ്പിക്കമെന്നത് അതിമോഹം’; കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ കോണ്‍ഗ്രസ് അധിക്ഷേപത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക ഷാഹിന കെ.കെ


വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ലൈംഗിക അധിക്ഷേപത്തെയും സൈബര്‍ അറ്റാക്കിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന. സോഷ്യല്‍മീഡിയയിലൂടെയാണ് ഷാഹിനയുടെ പ്രതികരണം.

”ടീച്ചറെ ലൈംഗികമായി അധിക്ഷേപിക്കുന്ന ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫി പറമ്പിലിന് നല്ലതെന്നും, റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കാലത്ത് നിന്ന് കോൺഗ്രസ്സിൻ്റെ അണികൾ ഒരിഞ്ച് മുന്നോട്ട് നടന്നിട്ടില്ലെന്നും” ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലോകമെമ്പാടുമുള്ള എഴുത്തും വായനയും അറിയാവുന്ന മനുഷ്യർക്ക് ഇവർ ആരാണ് എന്നറിയാം. അവരുടെ പ്രസക്തി എന്താണ് എന്നും അറിയാം.

ടീച്ചറെ ലൈംഗിക അധിക്ഷേപം നടത്തി തോൽപ്പിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫിക്ക് നല്ലത് . ടീച്ചറുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാൽ മാനം പോകുന്നത് ടീച്ചറുടെ അല്ല, ഷാഫിയുടേതാണ് എന്ന് തലക്ക് വെളിവുള്ള കോൺഗ്രസ്സുകാർ ഓർക്കുന്നത് നല്ലതാണ്.

റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കാലത്ത് നിന്ന് കോൺഗ്രസ്സിൻ്റെ അണികൾ ഒരിഞ്ച് മുന്നോട്ട് നടന്നിട്ടില്ല .

പക്ഷേ ലോകം ഒരുപാട് മുൻപോട്ട് നടന്നു. കാലം മാറി. അശ്ലീല പറഞ്ഞ് പെണ്ണുങ്ങളെ തോൽപ്പിക്കാം എന്നൊക്കെ ഉള്ളത് അതിമോഹമാണ്. ഇത്തരം ക്രിമിനലുകളുടെ വീട്ടിൽ ഉള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ടീച്ചറെ പോലെ ഉളളവർ അധികാര സ്ഥാനങ്ങളിൽ വരേണ്ടത് അനിവാര്യമാണ്. ടീച്ചർക്ക് ഐക്യദാർഢ്യം.

നവമാധ്യമങ്ങളിലൂടെ ടീച്ചര്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കും വ്യക്തിഹത്യയ്ക്കും എതിരെ എൽ.ഡി.എഫ് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വ്യക്തിഹത്യയ്ക്കും, വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.കെ ശൈലജ ടീച്ചര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.