കോടികളുടെ കിലുക്കവുമായി ഭാഗ്യക്കുറികള്‍; ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി, മണ്‍സൂണ്‍ ബമ്പറിന് പത്ത് കോടി രൂപ; വിശദമായി അറിയാം


തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികള്‍ക്ക് സന്തോഷവാര്‍ത്തയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി.

ഇത്തവണ 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സമ്മാനത്തുകയ്‌ക്കൊപ്പം ടിക്കറ്റിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കായ 300 രൂപ വര്‍ധിപ്പിച്ച് 500 രൂപയാക്കിയാണ് ഉയര്‍ത്തിയത്.

അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക് മൂന്നാം സമ്മാനവും ലഭിക്കും. അഞ്ച് ലക്ഷം രൂപ സമാശ്വാസ സമ്മാനം ഒമ്പത് പേര്‍ക്ക് ലഭിക്കും.

ജൂണ്‍ 18 നാണ് തിരുവോണം ബമ്പറിന്റെ വില്‍പ്പന ആരംഭിക്കുക. സെപ്റ്റംബര്‍ 18 നാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കും.

30 ശതമാനം ജി.എസ്.ടി കുറച്ച് ബാക്കി തുകയാകും ഭാഗ്യശാലിക്ക് ലഭിക്കുക. ഓണം ബമ്പറില്‍ ആകെ 126 കോടി രൂപയാണ് സമ്മാനമായി നല്‍കുക.

അതേസമയം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ജൂലൈ 17 ന് നടക്കും. അന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് വില. MA, MB, MC, MD, ങഋ, ങഏ എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

10 കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേര്‍ക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.