ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട; കേരള നോളജ് ഇക്കോണമി മിഷൻ കൂടെയുണ്ട്


ഒരു ജോലി ഇല്ലാത്തത്തിന്റെ വിഷമത്തിലാണോ നിങ്ങള്‍ ? എങ്കില്‍ പേടിക്കേണ്ട ഉടന്‍ തന്നെ ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നിങ്ങൾക്കും അനുയോജ്യമായ ജോലി കണ്ടെത്താം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി മുന്നേറുകയാണ് കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം).

ജില്ലയിൽ ഒന്നര ലക്ഷം തൊഴിൽ രഹിതരെ കണ്ടെത്തി പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കുകയാണ് മിഷന്റെ ലക്ഷ്യം. ഇതിനായി മിഷൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ജില്ലയിൽ ഒരു ലക്ഷത്തിൽപ്പരം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി ആരംഭിച്ച ജില്ലയിലെ സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിലൂടെ 12828 പേരും രജിസ്റ്റർ ചെയ്തു. 2026 വരെ തുടരുന്ന പദ്ധതിയിൽ ഇതിനകം 1500ലധികം ആളുകൾക്ക് അവസരം നൽകാൻ സാധിച്ചിട്ടുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി കമ്മ്യൂണിറ്റി അംബാസിഡർമാരുടെ സഹായവും ലഭ്യമാണ്. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ തൊഴിലവസരങ്ങൾ അറിയാനും അപേക്ഷിക്കാനും അവസരമുണ്ടാവും.

തൊഴിൽ മേളകൾ, പ്രത്യേക റിക്രൂട്ട്‌മെന്റുകൾ തുടങ്ങിയ ഇടപെടലിലൂടെയാണ് ജോലി നൽകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, തൊഴിൽ ദാതാക്കളായ സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി പദ്ധതിയെ ബന്ധപ്പെടുത്തും. പദ്ധതിക്ക് നേതൃത്വം നൽകുന്നത് കമ്മ്യൂണിറ്റി അംബാസിഡർമാരായി പ്രവർത്തിക്കുന്ന സിഡിസി അംഗങ്ങളാണ്. നിലവിൽ ജില്ലയിൽ 82 അംബാസിഡർമാരുണ്ട്. എല്ലാ പഞ്ചായത്ത് പരിധിയിലും തൊഴിൽ ക്ലബ്ബുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.

ആത്മവിശ്വാസം നൽകാനും കൂടെയുണ്ട് നോളജ് ഇക്കോണമി മിഷൻ

അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള പരിശീലനവും മിഷൻ നൽകുന്നുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായ സ്‌കിൽ പരിശീലനവും ലഭ്യമാകും. എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായാണ് മിഷന്റെ ക്യാമ്പയിൻ.