കായണ്ണ സ്വദേശിയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍


കോട്ടൂര്‍: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായ യുവാവിനെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായണ്ണ നരയംകുളം സ്വദേശി തണ്ടപ്പുറത്തുമ്മൽ അനീഷാ (38) ണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാര്‍. കോഴിക്കോട് ജോലി ചെയ്തു വരുകയായിരുന്ന അനീഷിന് കഴിഞ്ഞ ദിവസം കാസര്‍കോട്ടേക്ക് ട്രാന്‍സ്ഫര്‍ ആയിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് സൂചന.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസികപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. കസബ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.

അച്ഛൻ: ഗോപാലൻ നായർ. അമ്മ: പരേതയായ ലക്ഷ്മികുട്ടി. ഭാര്യ: ലിജിന. മക്കൾ: തൃജൽ, തൻവി.