കര്‍ണാടകയിലെ ലൈംഗികാതിക്രമക്കേസ് പ്രതിച്ഛായ നഷ്ടപ്പെടുത്തി; പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃത്വം


തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. കര്‍ണാടകയിലെ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മെയ് ഒമ്പതിന് ജെ.ഡി.എസ് സംസ്ഥാന ഭാരവാഹിയോഗം ചേരും.

എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചപ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് കേരളത്തിലെ ജെ.ഡി.എസ് ഘടകം പോയിരുന്നു. വിഷയം പലതവണ ചര്‍ച്ച ചെയ്തശേഷം ദേശീയ നേതൃത്വുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്ന് പറഞ്ഞാണ് ജെ.ഡി.എസ് ഇടതുമുന്നണിയില്‍ തുടര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഈ വിഷയത്തില്‍ കൂടുതല്‍ ആലോചനകളിലേക്ക് പോകാമെന്ന് നിലപാടെടുത്തിരിക്കെയാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് നേതാവിനെതിരെ വലിയ രീതിയിലുള്ള ലൈംഗിക പീഡന ആരോപണം വന്നിരിക്കുന്നത്.

രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ പൊതുവിലുണ്ട്. ഇങ്ങനെ തുടര്‍ന്ന് പോകുന്നത് ഇടതുമുന്നണിക്ക് കൂടി നാണക്കേടുണ്ടാക്കും. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നത്.

രണ്ട് സാധ്യതകളാണ് ജെ.ഡി.എസ് പരിശോധിക്കുക. കൂറുമാറ്റനിരോധന നിയമം ബാധകമല്ലാത്ത രീതിയില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഒന്ന്. മറ്റൊന്ന് ഇടതുമുന്നണിയിലെ ഏതെങ്കിലും ചെറുപാര്‍ട്ടിയില്‍ ലയിച്ച് ആ പാര്‍ട്ടിയുമായി ഒപ്പം ചേര്‍ന്ന് മുന്നോട്ടുപോകുകയെന്നതും. ഒമ്പതിന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.