കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു


Advertisement

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്‍ഷന്‍ ആനുകൂല്യം തടയാനും തീരുമാനമുണ്ട്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സൂപ്രണ്ടുമാര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനാകില്ല.

Advertisement

രണ്ട് വര്‍ഷം മുന്‍പുളള കേസിലാണ് നിലവില്‍ നടപടി എടുത്തിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പിരിച്ചുവിടല്‍ അടക്കമുളള നടപടിയിലേക്ക് അധികൃതര്‍ കടന്നത്. കരിപ്പൂരില്‍ സൂപ്രണ്ടുമാരായിരുന്ന എസ്.ആശ, ഗണപതി പോറ്റി എന്നിവരെയാണു സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്. ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവരെ കസ്റ്റംസ് സര്‍വീസില്‍ നിന്ന് നീക്കാനും സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ തടയാനുമാണ് ഉത്തരവ്. കെ.എം.ജോസ് ആണ് സര്‍വീസില്‍ നിന്ന് വിരമിച്ച സൂപ്രണ്ട്. എല്ലാവരും സസ്പെന്‍ഷനില്‍ ആയിരുന്നു.

Advertisement

2021 ജനുവരി 12,13 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണക്കടത്തിന് സഹായം നല്‍കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസിന്റെ പരിശോധന. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ സഹായത്തോടെ ആയിരുന്നു പരിശോധന. കളളക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവരെയും ചേര്‍ത്ത് 17 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Advertisement