കാപ്പാട് ബീച്ചില്‍ വൈ ഫൈ സ്‌പോട്ട് സ്ഥാപിക്കണം- കാപ്പാട് ഡിവിഷന്‍ വികസന സമിതി
ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ വൈ ഫൈ സ്‌പോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാപ്പാട് ഡിവിഷന്‍ വികസന സമിതി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബീച്ചില്‍ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫെര്‍മേഷന്‍ സൊസൈറ്റി ദിനാചരണയോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.
ദിവസവും നുറു കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്ലു ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ഉള്ള ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം തീരെ ലഭ്യമല്ലെന്നും ജനപ്രതിനിധി കളുടെ വികസന ഫണ്ട് ഉപയോഗിച്ചോ ത്രിതല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ സര്‍ക്കാര്‍ കമ്പനികളുടെ സി.എസ്സ്.ആര്‍ ഫണ്ട് ലഭ്യമാക്കിയോ പ്രൊജക്റ്റ് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. ‘ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യയും വരുത്തിയ മാറ്റങ്ങള്‍’ എന്ന വിഷയം ഡോക്ടര്‍ അബു ബക്കര്‍ കാപ്പാട് അവതരിപ്പിച്ചു. കാപ്പാട് ബീച്ചിലെ വൈ ഫൈ സേവനവും സാധ്യതയും പരിഹാരവും എന്ന വിഷയം കോഴിക്കോട് ടെലികോം ഡെപ്യുട്ടി ജനറല്‍ മാനേജര്‍ എം.എ ഗഫൂര്‍ സംസാരിച്ചു.
പഞ്ചായത്ത് മെമ്പര്‍ വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ റസീന ഷാഫി, കോഴിക്കോട് ടെലികോം സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ എന്‍.കെ. സുമല്‍, ബീച്ച് ബ്ലു ഫ്‌ലാഗ് മാനേജര്‍ ഗിരീഷ്, വിനോദ് കാപ്പാട്, നാസര്‍ കാപ്പാട്, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ സ്വാഗതവും കണ്‍വീനര്‍ വി.കെ റാഫി നന്ദിയും പറഞ്ഞു.