വീണ്ടും കടലെടുത്ത് കാപ്പാട് ബീച്ച് റോഡ്; വാഹനഗതാഗതം ദുരിതത്തില്‍


കാപ്പാട്: കനത്ത മഴയില്‍ കടല്‍ക്ഷോഭത്തില്‍ കാപ്പാട് ബീച്ച് റോഡ് വീണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ബീച്ച് റോഡ് വാഹനഗതാഗതമല്ലാതായിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് ഇവിടെ റോഡ് കടല്‍ക്ഷോഭത്തില്‍ റോഡ് തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തോതിലുള്ള തിരമാലകള്‍ രൂപപ്പെട്ടതിനാല്‍ റോഡ് കടലെടുത്ത അവസ്ഥയാണുള്ളത്.

തുവ്വപാറയിലെ അഞ്ഞൂറ് മീറ്ററോളം റോഡിന്റെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തികള്‍ കടലെടുക്കുകയും റോഡില്‍ മൂന്ന് ഭാഗങ്ങളിലായി വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട് തീരദേശ റോഡിന്റെ സംരക്ഷണത്തിനായി കപ്പാട് തുവ്വപാറയില്‍ നിര്‍മ്മിച്ച കടല്‍ ഭിത്തികള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പ്രദേശത്ത് മൂന്ന് ദിവസത്തോളമായി കടല്‍ക്ഷോഭവും രൂക്ഷമായ സാഹചര്യമാണ്.

നിലവില്‍ ഈ റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കല്ലാതെ സഞ്ചരിക്കുവാന്‍ കഴിയില്ല. ചേമഞ്ചേരി പഞ്ചായത്ത് 20 ആം വാര്‍ഡായ തുവ്വപ്പാറയല്‍പ്പെടുന്ന റോഡ് കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതേ സ്ഥലങ്ങളില്‍ തന്നെയാണ് വീണ്ടു റോഡ് തകര്‍ന്നിരിക്കുന്നത്. നിലവില്‍ ഈ വഴിയുള്ള വാഹനഗതാഗതം നിരോധിക്കുവാന്‍ പറഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 9 ലക്ഷം രൂപ ചിലവഴിച്ചാണ് ഇവിടങ്ങില്‍ പണി പൂര്‍ത്തിയാക്കിയത്. പി.ബ്ല്യൂഡിയുടെ കീഴില്‍ വരുന്ന റോഡ് ആയതിനാല്‍ നിലവില്‍ പഞ്ചായത്തിന് റോഡ് പണി തുടങ്ങുവാന്‍ കഴിയില്ല. പഞ്ചായത്തിലും പി.ബ്ല്യൂഡിയിലും നിലവിലത്തെ സ്ഥിതി അറിയിച്ചിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ വത്സല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ എത്തുന്നവര്‍ കൊയിലാണ്ടി ഹാര്‍ബറിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഈ റോഡാണ് ആശ്രയം.

നിലവില്‍ ഓട്ടോറിക്ഷ, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ റോഡിന്റെ അവസ്ഥ വകവെയ്ക്കാതെ വാഹനങ്ങള്‍ ഇന്നലെയും കടന്നുപോയിട്ടുണ്ടെന്നും ഏതുനിമിഷവും റോഡ് പൂര്‍ണ്ണമായും കടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കേണ്ട അവസ്ഥയാണുള്ളതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.