കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏഴാമത് മൃത്യുഞ്ജയ പുരസ്‌ക്കാരം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏര്‍പ്പെടുത്തിയ ഏഴാമത് മൃത്യുഞ്ജയ പുരസ്‌ക്കാരം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപനും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രന് സമ്മാനിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌ക്കാരം.
2023 ഫിബ്രവരി 16 ന് വൈകീട്ട് ആറിന് കാഞ്ഞിലശ്ശേരി നായനാര്‍ മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പുരസ്‌ക്കാര സമര്‍പ്പണം. മന്ത്രിമാരും സാമൂഹിക രാഷ്രീയ ചലച്ചിത്ര മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഡോ.എം.ജി.എസ് നാരായണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പെരുവനം കുട്ടന്‍ മാരാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ എന്നിവരെയാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.
മൃത്യുഞ്ജയ ശില്‍പ്പവും, പതിനൊന്നായിരത്തി ഒരുന്നൂറ്റിപതിനൊന്ന് രൂപയുടെ ഗുരുദക്ഷിണയും, ധന്യതാപത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോ.എം.ആര്‍.രാഘവവാര്യര്‍, കെ. വിശ്വനാഥ്, യു.കെ.രാഘവന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.