”ഇന്ന് മുതല്‍ ഈ ദുരിതം അവസാനിക്കുകയാണ്, ഇത് പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ വിജയം” മൂരാട് പുതിയ പാലത്തെക്കുറിച്ച് കാനത്തില്‍ ജമീല എം.എല്‍.എ


മൂരാട്: നടക്കാത്ത സ്വപ്‌നമായി ഉപേക്ഷിച്ച എന്‍.എച്ച് 66 വികസനം നടപ്പിലാക്കിയത് 2016 മുതല്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് കാനത്തില്‍ ജമീല എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.

”എണ്‍പതാണ്ട് പിന്നിട്ട മൂരാട് (വടകര) പഴയ പാലം . ഇത് വഴി കടന്നു പോയവര്‍ക്കല്ലാം പറയാനുണ്ടാവും ഗതാഗത കുരിക്കിലകപ്പെട്ട് മണിക്കൂറുകള്‍ കാത്തു കെട്ടി കിടക്കേണ്ടി വന്നതിന്റെ കഥ. ഇന്നു മുതല്‍ ഈ ദുരിതം അവസാനിക്കുകയാണ്. എന്‍.എച്ച് 66 ന്റെ ഭാഗമായി നിര്‍മ്മിച്ച മൂരാട് പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത മനം കുളിക്കുന്ന കാഴ്ച ഏറെ അഭിമാനത്തോടെയാണ് വീക്ഷിച്ചത് . എന്‍.എച്ച് 66 ന്റെ വികസനം, നടക്കാത്ത സ്വപ്നമായിക്കണ്ടവര്‍ ഉപേക്ഷിച്ച പദ്ധതി, 2016 മുതല്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ വിജയമാണ്.” എന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയായ മൂരാട് പാലം ഇന്നലെ വൈകുന്നേരം 6.10നാണ് തുറന്നു കൊടുത്തത്. പ്രദേശത്ത് അനുഭവപ്പെടുത്ത കടുത്ത ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് പാലം തുറന്നത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മൂരാടെ പാലത്തിലൂടെയായിരുന്നു വാഹനങ്ങള്‍ കടന്നുപോയിരുന്നത്. പാലത്തിന് വീതി കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും ഒരേ സമയം സഞ്ചരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് മൂരാട് പാലത്തിന് സമീപം ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയായിരുന്നു. പാലത്തിന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര തന്നെ ദൃശ്യമായിരുന്നു. മണിക്കൂറുകളാണ് വാഹനങ്ങള്‍ മൂരാട് പാലം കടന്നു പോകുന്നതിനായി എടുത്തിരുന്നത്.