”ഭരണാനുമതിയായ പദ്ധതിക്കുവേണ്ടി നടക്കുന്ന സമരം പ്രഹസനം, നിരവധി പദ്ധതികള്‍ കൊയിലാണ്ടി തീരത്ത് മാത്രം നടപ്പിലാക്കുമ്പോള്‍ അതില്‍ വിറളി പിടിച്ച് നടത്തുന്ന സമരമായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ” ബി.ജെ.പിയുടെ എം.എല്‍.എ ഓഫീസ് മാര്‍ച്ചിനെതിരെ കാനത്തില്‍ ജമീല


കൊയിലാണ്ടി: തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നടക്കാനിരിക്കുന്ന എം.എല്‍.എ ഓഫീസ് മാര്‍ച്ചിനെതിരെ കാനത്തില്‍ ജമീല എം.എല്‍.എ. തീരദേശ റോഡ് നിര്‍മ്മാണ പദ്ധതി ഭരണാനുമതിയായതാണെന്നും ഇതടക്കം തീരദേശത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഈ സമരം രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണെന്നാണ് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ബി.ജെ.പി സമരത്തിന്റെ മുദ്രാവാക്യമായി മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതാണ്. കേരളതീരം നാള്‍ക്കുനാള്‍ ഏറിവരുന്ന കടലാക്രമണ ഭീഷണിയിലാണ്. കേരളത്തില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരങ്ങളെ 10 ഹോട്ട്‌സ്‌പോട്ടുകളാക്കി തിരിച്ചതില്‍ ഒന്നാണ് കാപ്പാട് തീരം. ഇത്തരം തീവ്ര കടലാക്രമണ ഭീഷണിയുള്ള തീരങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാന്‍ കിഫ്ബിയില്‍ നിന്നും 5500 കോടിരൂപ അനുവദിക്കാന്‍ തീരുമാനിക്കുകയും ശാസ്ത്രീയമായ പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായ ‘നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ‘ (NCCR) എന്ന കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കാപ്പാട് എന്‍.സി.സി.ആര്‍ വിശദമായ പഠനം നടത്തുകയും ഡിസൈന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കിഫ്ബിയെ കൂടി ഉള്‍പ്പെടുത്തിയതോടെ കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പ്രതിസന്ധിയിലായി.

എന്നാല്‍ അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കാപ്പാടിനെ ഏതുവിധേനയും സംരക്ഷിക്കേണ്ട സാഹചര്യമായതിനാല്‍ 2024 – 25 ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപ വകയിരുത്തുകയും ഭരണാനുമതി നല്‍കുകയും ചെയ്തു. അതിന്റെ സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിച്ച് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. മാത്രമല്ല നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 5 കോടി രൂപകൂടി കാപ്പാട് തീര സംരക്ഷണത്തിനാണ് മാറ്റി വെച്ചത്. ഇത് രണ്ടുമുള്‍പ്പെടെ 11 കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡ് പുനര്‍നിര്‍മ്മിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ നിയന്ത്രണം കേന്ദ്രം പിന്‍വലിക്കുകയാണെങ്കില്‍ കാപ്പാട് തീരം മാത്രമല്ല കേരളത്തിലെ കടലാക്രമണം നേരിടുന്ന മുഴുവന്‍ തീരങ്ങളെയും മനോഹരമാക്കി സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാറിന് യാതൊരു ബുദ്ധിമുട്ടുമില്ല.

മറ്റൊന്ന് കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡാണ്. ഇതിനായി ബജറ്റില്‍ വകയിരുത്തിയ ഒരു കോടി 40 ലക്ഷം രൂപ പ്രവൃത്തി രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനാവും. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ 28 കോടിയുടെ പ്രവൃത്തികളാണ് കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കുന്നത്. ഹാര്‍ബര്‍ – ഗുരുകുലം റോഡ് 95ലക്ഷം രൂപ ചിലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്.

കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍ റോഡ് 50 ലക്ഷം രൂപ ചിലവഴിച്ചാണ് മനോഹരമായി പണിതീര്‍ത്തത്. കൂടാതെ അരയന്‍കാവ് – കൂത്തംവള്ളി റോഡിന് ബജറ്റില്‍ ഒരു കോടി 10 ലക്ഷമാണ് അനുവദിച്ചത്. അതിന്റെ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. കൊയിലാണ്ടി മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് കോടി അമ്പത് ലക്ഷത്തിന്റെ വികസന പ്രവൃത്തികളാണ് കൊയിലാണ്ടി തീരദേശത്ത് നടക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ കൊയിലാണ്ടി തീരത്ത് മാത്രം നടപ്പിലാക്കുമ്പോള്‍ അതില്‍ വിറളി പിടിച്ച് നടത്തുന്ന സമരമായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. ബി.ജെ.പി ഏതെങ്കിലും തരത്തിലുള്ള ഒരു പ്രസ്ഥാവന പോലും പ്രദേശത്തെ എം.പിക്കെതിരെ നടത്തിയതായി കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരം മാത്രമാണെന്നും എം.എല്‍.എ വ്യക്തമാക്കി.

Summary: Kanathil jameela against BJP’s MLA office march