നന്മകൾ സൃഷ്ടിച്ച് മാത്രമേ നന്മ നിലനിർത്താൻ കഴിയൂവെന്ന് കൽപ്പറ്റ നാരായണൻ; കീഴരിയൂരിൽ കടക്കെണിയിലായ അഞ്ച് സ്ത്രീകളുടെ കടം തിരിച്ചടച്ച് ജനകീയ സമിതി
കീഴരിയൂർ: നന്മകൾ സൃഷ്ടിച്ചു കൊണ്ടു മാത്രമെ നമുക്ക് ഭൂമിയുടെ നന്മ നിലനിർത്താൻ സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. രാജ്യരക്ഷക്കു വേണ്ടി നിയോഗിക്കപ്പെട്ടവർ ആത്മരക്ഷക്കു വേണ്ടി പ്രവർത്തിച്ചതിൻ്റെ ഫലമായി ഇന്നലെ എന്തു സംഭവിച്ചു എന്ന് നാം കണ്ടു കഴിഞ്ഞുവെന്നും കൊട്ടാരക്കരയിലെ ഡോ. വന്ദനയുടെ കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കീഴരിയൂർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം കടക്കെണിയിലായ അഞ്ച് സ്ത്രീകളുടെ കടം തിരിച്ചടച്ചുകൊണ്ടുള്ള കടരഹിത സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയ പ്രവത്തനവും ആത്മരക്ഷക്ക് വേണ്ടി ആയിക്കൂടാ. മറിച്ച് സമൂഹത്തിൻ്റെ രക്ഷക്കു വേണ്ടി ഉള്ളതാവണം. അവിടെ എന്തെങ്കിലും അഭാവമുണ്ടെങ്കിൽ ജനം അത് പരിഹരിക്കും. അങ്ങിനെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ നാട്ടിൽ സാധ്യമല്ല എന്ന് വളരെ ധീരതയോടെ, പ്രവർത്തനത്തിലൂടെ തെളിയിച്ച നന്മ നിറഞ്ഞ ഈ നാടിനെ താൻ പ്രണമിക്കുന്നുവെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.
കടക്കെണിയിൽ പെടുത്തിയ ഈ അഞ്ചു സ്ത്രീകളെ നാട് ഏറ്റെടുത്തു എന്നത് അഭിമാനകരവും മാതൃകാപരവുമാണ്. ഇവിടെ അന്നത്തെ പഞ്ചായത്ത് ഭരണാധികാരികൾ ചെയ്തത് നീതിരഹിതമായ ചെയ്തിയാണ്. ഈ നാട്ടിലെ ജനങ്ങൾ അവർക്ക് നല്ല മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീഴരിയൂർ പഞ്ചായത്ത് ഭരണാധികാരികൾ 2008 ൽ കടക്കെണിയിലാക്കിയ അഞ്ച് പട്ടികജാതി സ്ത്രീകളുടെ ബാങ്ക് കടം 1,25000 രൂപയാണ് ജനകീയ സമിതി തിരിച്ചടച്ചത്. ജനകീയ സമിതി ചെയർമാൻ ഇ.എം.മനോജ് അധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ ധനസമാഹരണ റിപ്പോർട്ട് അവതരിപ്പിച്ചു. കടക്കെണിയിൽപ്പെട്ട ടി.രാധ അനുഭവങ്ങൾ പങ്കുവെച്ചു. മിസബ് പാലാഴി, ചുക്കോത്ത് ബാലൻ നായർ, ടി.യു.സൈനുദ്ദീൻ, കെ.അബ്ദുറഹ്മാൻ, കെ.എം.സുരേഷ് ബാബു, കെ.ടി.പുഷ്പ എന്നിവർ പ്രസംഗിച്ചു.
പേപ്പർ കപ്പ് നിർമാണ യൂണിറ്റ് തുടങ്ങുന്നതിനായി പഴയ യന്ത്രങ്ങൾ പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വായ്പയെടുപ്പിച്ച് സ്വയം തൊഴിൽ സംരംഭകരായ അഞ്ച് സ്ത്രീകളെ കബളിപ്പിച്ച സംഭവത്തിനാണ് ഇതോടെ അന്ത്യമായത്. നാട്ടുകാരുടെ സഹായത്തോടെ 13 വർഷങ്ങൾക്കു ശേഷമാണ് പ്രശ്നം പരിഹരിച്ചത്. കീഴരിയൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 2008-2009 വർഷത്തിൽ പട്ടികജാതി വിഭാഗം സ്ത്രീകൾക്കുവേണ്ടി നടപ്പാക്കിയ തൊഴിൽ യൂണിറ്റിന്റെ പേരിലാണ് നിർധനരായ അഞ്ച് സ്ത്രീകൾ ചതിയിൽപെട്ടത്.
തകരാറുള്ള പഴയ യന്ത്രം പുതിയതാ ണെന്ന് തെറ്റിദ്ധരിപ്പിച്ച് സംരംഭകർക്ക് നൽകിയതിനാൽ പേപ്പർ കപ്പ് നിർമാണം നടന്നില്ല. സ്വയം തൊഴിൽ കണ്ടെത്തുന്നതിനു വേണ്ടി പേപ്പർ ഗ്ലാസ് നിർമാണ യൂണിറ്റെന്ന പേരിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിലുള്ളവരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് പ്രോത്സാഹിപ്പിച്ച പദ്ധതിയാണ് നിർധനരായ സ്ത്രീകളെ ദുരിതത്തിലാക്കിയത്. കാലപ്പഴക്കം കൊണ്ട് പ്രവർത്തിപ്പി ക്കാൻ കഴിയാത്ത പേപ്പർ കപ്പ് നിർമാണത്തിനുള്ള യന്ത്രങ്ങൾ ഇപ്പോൾ തുരുമ്പെടുത്ത് കിടക്കുകയാണ്.
തെക്കണ്ടി രാധ, തേനാരി വിമല, കെ.ടി.രാധ, പുഷ്പ പുണ്യാ നിവാസ്, സുധ സ്വപ്ന നിവാസ് എന്നിവരാണ് തൊഴിൽ തട്ടിപ്പിനിരയായത്. പേപ്പർ കപ്പ് നിർമാണം ആദായകരമാണെന്ന് പറഞ്ഞാണ് ഈ നിർധന സ്ത്രീകളെ സംരംഭകരാക്കിയത്. സി.പി.എം നേതൃത്വം നൽകിയ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ നിർദ്ദേശത്തിന് വഴങ്ങിയായിരുന്നു ഇവർ സംരംഭത്തിനുള്ള പ്രോജക്ടിൽ ഒപ്പിട്ടത് എന്നാണ് ആരോപണം.
കോഴിക്കോട് നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ നിന്നാണ് ദീർഘകാലം പ്രവർത്തിപ്പിച്ച് ഒഴിവാക്കിയ യന്ത്ര സമഗ്രികൾ പുതിയാതണെന്ന വ്യാജേന വാങ്ങി വനിതാ സംരംഭകർക്ക് നൽകിയത്. തൊഴിൽ യൂണിറ്റ് ആരംഭിക്കുന്നതിനു വേണ്ടി കേരള ബാങ്കിന്റെ കീഴരിയൂർ ശാഖയിൽ നിന്ന് രണ്ടു ലക്ഷത്തി പതിനഞ്ചായിരം രൂപയായിരുന്നു വായ്പ അനുവദിച്ചിരുന്നത്. യന്ത്രസാമഗ്രികൾ നൽകിയ കമ്പനിക്കും ഇടനിലക്കാർക്കും ലോൺ സംഖ്യ കിട്ടി. എന്നാൽ യന്ത്ര സാമഗ്രികളുടെ തകരാർ കാരണം തൊഴിൽ സംരംഭം പ്രവത്തിപ്പിക്കാൻ കഴിഞ്ഞില്ല.
വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അഞ്ച് സ്ത്രീകൾക്കും പലതവണ നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റിയ വനിതകൾ പഞ്ചായത്ത് ഓഫീസുമായും അന്നത്തെ ഭരണകക്ഷി നേതാക്കളുമായും ബന്ധപ്പെട്ടു. ലോൺ സംഖ്യ തിരിച്ചടക്കാമെന്ന് ഇവർ ഉറപ്പു നൽകിയെങ്കിലും പിന്നീട് അത് നടപ്പിലായില്ല. ഇതോടെ ആരുടേയും സംരക്ഷണമില്ലാതായ സ്ത്രീകൾ ഇനിയെന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലായി. ഒടുവിൽ ചതിയിൽ കടക്കെണിയിലായ അഞ്ച് സ്ത്രീകളുടെ ബാങ്ക് കടം വീട്ടാൻ നാട് തന്നെ ഒരുമിക്കുകയായിരുന്നു.
കടക്കെണിയിലാക്കിയ അതേ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ജനകീയ സമിതി നാടൻ സഹായ കുറി നടത്തി. നാട് ഒരു മിച്ചപ്പോൾ നാടൻ പയറ്റിന് കിട്ടിയത് 1,63,502 രൂപയാണ്. ജനകീയ സമിതിയുടെ അഭ്യർത്ഥന മാനിച്ച് കേരള ബാങ്കും കടക്കെണിയിലായ സ്ത്രീകളെ സഹായിച്ചു. പലിശയും പിഴപലിശയും പൂർണമായി ബാങ്ക് ഒഴിവാക്കി കടം 1,025,00 രൂപയിൽ നിജപ്പെടുത്തി. ഈ സംഖ്യ ജനകീയ സമിതി ബാങ്കിൽ അടച്ചു. 11,730 രൂപ സമാഹരണത്തിനായി ചിലവായി. ബാക്കി വന്ന 26,007 രൂപ അഞ്ച് സ്ത്രീകൾക്കും കൂടി സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നൽകാനും ജനകീയ സമിതി തീരുമാനിച്ചു.