കല്ലാച്ചി മിനി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു; സൗജന്യമായി സ്ഥലം വിട്ടു നല്‍കി ഉടമകള്‍, വീതി കൂട്ടല്‍ 16 മുതല്‍


നാദാപുരം: കല്ലാച്ചി മിനി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. ഈ മാസം 16മുതല്‍ വീതി കൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിക്കും. നാദാപുരം-കുറ്റ്യാടി റോഡിനെയും കല്ലാച്ചി-വാണിമേല്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചി മിനി ബൈപ്പാസ്.

വീതികൂട്ടലിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഉടമകള്‍ സ്ഥലം വിട്ട് നല്‍കിയത്. എട്ട് മീറ്റര്‍ വീതിയിലും 450 മീറ്റര്‍ നീളത്തിലുമായി റോഡ് പരിഷ്ക്കരണത്തിന് ഒരു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.

സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് പിന്നീടുള്ള നിര്‍മ്മാണ പ്രവൃത്തിക്ക് സൗകര്യമാവുന്ന തരത്തില്‍ റില്യുഗിഷ്മന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. മതില്‍ നഷ്ടപ്പെടുന്നവര്‍ക്ക് അതും പുനസ്ഥാപിച്ച് നല്‍കും. ഇക്കാര്യങ്ങള്‍ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ ധാരണയായത്. ഓരോ ഉടമയ്ക്കും വിട്ടുകൊടുക്കുന്ന ഭൂമിയുടെ അളവ് രേഖപ്പെടുത്തി നല്‍കുന്നതിനുള്ള സര്‍വേയും കുറ്റിയടിക്കലും പഞ്ചായത്ത് പ്രസിഡന്റ് വി.മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്നു.

രജീന്ദ്രന്‍ കപ്പള്ളി, പി.പി.ബാലകൃഷ്ണന്‍, സി.വി.നിഷ മനോജ്, കരിമ്പില്‍ ദിവാകരന്‍, സി.എച്ച്.ദിനേശന്‍, കെ.ടി.കെ.ചന്ദ്രന്‍, പി.വി.മോഹനന്‍, സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.