കൊയിലാണ്ടിയില്‍ കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി അധികാര സ്ഥാനം വിട്ടൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ആവശ്യം


കൊയിലാണ്ടി: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേസന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്ററ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയിരിക്കുന്നിടത്തോളം കാലം കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലെന്നും അദ്ദേഹം കൊയിലാണ്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് കയ്യിലുള്ള മുഖ്യമന്ത്രി എല്ലാതരം സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഈ കേസിന്റെ കാര്യത്തില്‍ ഉപയോഗിക്കുമെന്ന് ഉറപ്പാണ്. നിയമവാഴ്ച ശരിയായ നിലയില്‍ നടക്കാന്‍ മുഖ്യമന്ത്രി അധികാര സ്ഥാനം വിട്ടൊഴിഞ്ഞ് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയെന്ന രക്ഷാകവചം ഉപയോഗിച്ചാണ്, ആഭ്യന്തര മന്ത്രിയെന്ന രക്ഷാ കവചം ഉപയോഗിച്ചാണ് മുഖ്യമന്ത്രി സ്വര്‍ക്കടത്തില്‍ നിന്നും തടിതപ്പാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ആദ്യ ഘട്ടത്തില്‍ കേസന്വേഷണം അട്ടിമറിക്കാനുള്ള വ്യാപകമായ പരിശ്രമം നടന്നിരുന്നു. സ്വപ്‌നയെക്കൊണ്ട് ഇ.ഡി ഉദ്യോഗസ്ഥന്മാര്‍ മൊഴി പറയിപ്പിക്കുകയാണ് എന്ന നിലയില്‍ ശബ്ദരേഖകളുണ്ടാക്കി കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കി. അതിനുശേഷവും പലതരത്തിലുള്ള സമ്മര്‍ദ്ദവും ഭീഷണിയും ഈ കേസിലെ പ്രതികള്‍ക്കെതിരെയുണ്ടായി. കോടതിയില്‍ 164 മൊഴി കൊടുക്കുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്ത ദിവസം ഈ കേസിലെ പ്രധാനപ്പെട്ട പ്രതിയെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേസന്വേഷണം അട്ടിമറിക്കാനും സത്യം പുറത്തുവരാതിരിക്കാനും പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.