പൊയില്‍ക്കാവിലും മൂടാടിയിലും ഉള്‍പ്പെടെ ദേശീയപാതയിലെ വിവിധയിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ചതായി കെ.മുരളീധരന്‍ എം.പി


കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പുതുതായി അടിപ്പാത അനുവദിച്ചതായി കെ.മുരളീധരൻ എം.പി. നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് എം.പി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ടത്.

പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ് വരുന്നത്. ഇത് കൂടാതെ അഴിയൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സര്‍വ്വീസ് റോഡിനും അനുമതിയായിട്ടുണ്ട്.

പൊയില്‍ക്കാവിലെ അടിപ്പാതയ്ക്കായി 7.14 കോടി രൂപ, മൂടാടി-മുചുകുന്ന് റോഡിലെ അടിപ്പാതയ്ക്ക് 7.72 കോടി രൂപ, പുതുപ്പണം അടിപ്പാതയ്ക്ക് 5.44 കോടി രൂപ, നാദാപുരം റോഡ് അടിപ്പാതയ്ക്കായി 6.98 കോടി രൂപ എന്നിങ്ങനെയാണ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് അധികമായി അനുവദിക്കപ്പെട്ടത് എന്നും എം.പി അറിയിച്ചു.