മത്സരിക്കുന്നുണ്ടെങ്കില്‍ വടകരയില്‍ മാത്രം; എതിരാളി ആരായാലും പ്രശ്‌നമില്ല, കണ്ണൂര്‍ സീറ്റില്‍ യുവാക്കള്‍ വരട്ടയെന്നും കെ.മുരളീധരന്‍


Advertisement

കോഴിക്കോട്: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് വടകര മണ്ഡലത്തില്‍ മാത്രമെന്ന് വടകര എം.പി കെ.മുരളീധരന്‍. എം.പിയായല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

വടകര സിറ്റിങ് സീറ്റാണെന്നും കഴിയുന്ന വിധത്തില്‍ മണ്ഡലത്തിന്റെ വികസനം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വടകരയിലെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്താല്‍ അടുത്ത അഞ്ച് വര്‍ഷം ഒരു ഉപതെരഞ്ഞെടുപ്പിനായി അവര്‍ക്ക് പോളിങ് ബൂത്തില്‍ പോകേണ്ടി വരില്ല.

Advertisement

തെരഞ്ഞെടുപ്പില്‍ എതിരാളി ഒരു പ്രശ്‌നമല്ല. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിക്കേണ്ടത് സി.പി.എം ആണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Advertisement

കണ്ണൂര്‍ ലോക്‌സഭ സീറ്റില്‍ മത്സരിക്കില്ല. കണ്ണൂര്‍ സീറ്റില്‍ യുവാക്കള്‍ വരട്ടെ എന്നും മുരളീധരന്‍ വ്യക്തമാക്കി. വടകര എം.പിയായ കെ. മുരളീധരനെ കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.