”വടകരയില്‍ മത്സരിച്ചെങ്കില്‍ ജയിച്ചേനെ, കുരുതി കൊടുക്കാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു” ഇനി മത്സരിക്കാനില്ലെന്നും കെ.മുരളീധരന്‍
കോഴിക്കോട്: വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍ ജയിച്ചേനെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കുരുതികൊടുക്കാന്‍ ഞാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്മജ പാര്‍ട്ടിയില്‍ നിന്ന് പോകുന്നു, ഇവിടെ എന്തോ മലമറിക്കാന്‍ പോകുന്ന് എന്ന് പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുത്തു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത സ്ഥലമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
ഇനി മത്സരിക്കാനില്ലെന്നും തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്നും മുരളി പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കേരളത്തില്‍ മൊത്തത്തില്‍ പ്രയാസത്തിലാണ്. അത് മാറ്റിയെടുക്കണം. ‘തൃശൂരില്‍ എല്‍.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ എനിക്ക് ദു:ഖമുണ്ടാവില്ല. നേമത്ത് കഷ്ടപ്പെട്ടാണ് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത്. ഇവിടെ ഞാന്‍ മത്സരിച്ചപ്പോഴും ബി.ജെ.പി വിജയിച്ചതില്‍ വിഷമമുണ്ട്. ബി.ജെ.പിക്ക് പോലും വലിയ പ്രതീക്ഷയില്ലാത്ത, സ്ഥാനാര്‍ത്ഥി മര്യാദയ്ക്ക് വര്‍ക്ക് ചെയ്യാത്ത ഇടത്തും ഇത്രയും വോട്ടിന് അവര്‍ ചെയിച്ചുവെന്നതില്‍ വിഷമമുണ്ട്.’ മുരളീധരന്‍ പറഞ്ഞു.
മുസ് ലിം ലീഗിന്റെ എല്ലാ നേതാക്കളും തൃശൂരില്‍ തനിക്കുവേണ്ടി പ്രചരണത്തിനുവന്നിരുന്നു. ഭൂരിപക്ഷവും ഗുരുവായൂരാണ് വന്നത്. അതിന്റെ മെച്ചം ഗുരുവായൂരെ ഫലത്തില്‍ കാണാമെന്നും മുരളീധരന്‍ പറഞ്ഞു.