കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ കൊയിലാണ്ടിയിലും; നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ച് എം.എൽ.എ
കൊയിലാണ്ടി: ഡിജിറ്റൽ ലോകത്തേക്ക് കുതിച്ച് ചാടാനുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ കൊയിലാണ്ടിയിലും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. വരകുന്ന് ഗവ. ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ.ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, പ്രജില സി, നിജില പറവക്കൊടി, കൗൺസിലർ സിറാജ് വി.എം, അഡ്വ. എസ്.സുനിൽ മോഹനൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പന്തലായനി വില്ലേജ് ഓഫീസർ ജയൻ വരിക്കോളി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇൻ-ചാർജ് കെ.കെ.ബീന നന്ദിയും പറഞ്ഞു.
എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ-ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്.
ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ-ഫോണിലൂടെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇന്റർനെറ്റ് ലഭ്യമാവുക. ഇതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.