മറയുന്നത് നാലുപതിറ്റാണ്ടോളം കൊയിലാണ്ടിയിലെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം; മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍ ഇനി ഓര്‍മ്മ


കൊയിലാണ്ടി: പത്രപ്രവര്‍ത്തനരംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള, കൊയിലാണ്ടിയിലെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ച വ്യക്തി അതായിരുന്നു ചെങ്ങോട്ടുകാവ് സ്വദേശിയായ മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍. 20ാം വയസില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനമെന്ന് അടുത്ത സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.

കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും പവിത്രന്റെ ശ്രദ്ധയില്‍പ്പെടുന്ന വിഷയങ്ങള്‍ വാര്‍ത്തകളായി നല്‍കും, അങ്ങനെയായിരുന്നു തുടക്കം. തെരുവത്ത് രാമന്‍ തുടക്കമിട്ട സായാഹ്നപത്രമായിരുന്ന പ്രദീപത്തില്‍ കോഴിക്കോടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കി. പിന്നീട് ജനയുഗം പത്രത്തിലായിരുന്നു ഏറെക്കാലം ജോലി ചെയ്തത്. ഫീച്ചര്‍ പേജുകള്‍ക്ക് കൈകാര്യം ചെയ്യുന്നതില്‍ മിടുക്ക് തെളിയിച്ചയാളാണ്. ജനയുഗത്തിന് പുറമേ ചന്ദ്രികയിലും ഫീച്ചറുകള്‍ ചെയ്തിരുന്നു.

പിന്നീട് മാധ്യമത്തില്‍ ജോലി ആരംഭിച്ചു. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ യുവജനോത്സവം പോലുള്ള വലിയ ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍, ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്ര സജീവമല്ലാതിരുന്ന അക്കാലത്ത് മാധ്യമം പത്രത്തിലൂടെ കലോത്സവവാര്‍ത്തകള്‍ വിശദമായി തന്നെ അദ്ദേഹം വായനക്കാരില്‍ എത്തിച്ചു.

ഫുട്‌ബോള്‍ ഫ്രണ്ട് എന്ന പേരില്‍ കണ്ണൂരില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് മാസികയില്‍ കോഴിക്കോടിലെയും പരിസരത്തെയും സ്പോർട്സ് വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്ന പേജ് സ്ഥിരമായി കൈകാര്യം ചെയ്തിരുന്നു. സൂക്ഷ്മതയോടെയും അതീവ കൃത്യതയോടെയും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധചെലുത്തിയിരുന്നു പവിത്രന്‍. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പുറമേ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍കൊണ്ടുവരാനും ശ്രമിച്ചു. കൊയിലാണ്ടിയുടെ ഐക്കണുകളില്‍ ഒന്നായിരുന്ന ദേശീയപാതയ്ക്ക് അരികിലുണ്ടായിരുന്ന ആല്‍മരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിച്ചുമാറ്റാന്‍ ശ്രമം നടന്നപ്പോള്‍ തന്റെ വാര്‍ത്തകളിലൂടെ പവിത്രന്‍ അതിനെതിരെ നിലകൊണ്ടു. കൊയിലാണ്ടിയില്‍ പ്രാദേശികമാധ്യമങ്ങള്‍ ഒട്ടും സജീവമല്ലായിരുന്ന കാലത്ത് ചെറുവീഡിയോകളിലൂടെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും മറ്റും തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു.

മാധ്യമരംഗത്തുപുറമേ രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായിരുന്നു. വിദ്യാര്‍ഥി യുവജന കാലം മുതല്‍ക്കേ രാഷ്ട്രീയത്തിലുണ്ടായിരുന്നു. സി.പി.ഐ കൊയിലാണ്ടി ബ്രാഞ്ച് അംഗമാണ്. റെഡ് കര്‍ട്ടന്‍ ഭാരവാഹിയായിരുന്നു. ചെങ്ങോട്ടുകാവ് കാര്‍ഷിക വികസന സമിതി അംഗമാണ്.