ജനകീയ ആവശ്യത്തിന് ജീവന്‍വെക്കുന്നു; പൊയില്‍ക്കാവ് അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വേഗം കൂടുന്നു


കൊയിലാണ്ടി: ദേശീയപാത വികസനത്തില്‍ പൊയില്‍ക്കാവ് നിവാസികള്‍ ഏറ്റവും ശക്തമായി മുന്നോട്ടുവെച്ച ആവശ്യത്തിന് ജീവന്‍ വെക്കുന്നു. പൂക്കാട് അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുകയാണ്.

പൊയില്‍ക്കാവ് ക്ഷേത്രം, സ്‌കൂള്‍ റോഡിന് സമാന്തരമായിട്ടാണ് അടപ്പാത നിര്‍മ്മിക്കുന്നത്. പൊയില്‍ക്കാവില്‍ 30 അടി വീതിയിലും 15 അടി ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. രണ്ടുഭാഗമായിട്ടാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുക. ഇവിടെ സര്‍വ്വീസ് റോഡുകളുടെ പണി പൂര്‍ത്തിയായാല്‍ വാഹന ഗതാഗതം അതുവഴി തിരിച്ചുവിടും. അതോടെ അടിപ്പാതയുടെ പ്രവൃത്തി വേഗത്തിലാകും.

ദേശീയപാതയ്ക്കായുള്ള ആദ്യ അലൈന്‍മെന്റില്‍ പൂക്കാടും പൊയില്‍ക്കാവും അടിപ്പാതയില്ലായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുകയും അധികൃതരെ നിരന്തരം സമീപിക്കുകയും ചെയ്തതിന്റെ ഫലമായാണ് സ്ഥലത്ത് അടിപ്പാത അനുവദിച്ചത്.

പൊയില്‍ക്കാവ് ക്ഷേത്രം, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാപ്പാട്, പൊയില്‍ക്കാവ് ബീച്ച്, തീരദേശപാത എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിന് എതിര്‍വശത്തുള്ളവര്‍ക്ക് ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മറുവശത്തെത്താന്‍ പ്രയാസം നേരിടുമെന്നതടക്കമുള്ള വിഷയങ്ങളായിരുന്നു കര്‍മസമിതി ചൂണ്ടിക്കാട്ടിയത്. അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ നാട്ടുകാരുടെ ഈ ആശങ്കയ്ക്കാണ് പരിഹാരമാകുന്നത്.

പൊയില്‍ക്കാവിന് പുറമേ പൂക്കാടും അടിപ്പാത അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ അതിന് തടസമാകുമെന്ന് കണ്ട് അടിപ്പാത പ്രവൃത്തി തുടങ്ങിയിട്ടില്ല. ഇവിടെയും ഉടന്‍ അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമെന്നാണ് വിവരം.